Sorry, you need to enable JavaScript to visit this website.

ഭാര്യയുടെ സമ്മതമില്ലാത്ത ലൈംഗിക ബന്ധം ക്രിമനല്‍ കുറ്റം

ന്യൂദല്‍ഹി-വൈവാഹിക ബലാത്സംഗത്തെ ക്രിമിനല്‍ കുറ്റത്തില്‍നിന്ന് ഒഴിവാക്കിയതു ചോദ്യം ചെയ്യുന്ന ഹരജികളില്‍ ഭിന്നാഭിപ്രായത്തോടെയുള്ള വിധി പുറപ്പെടുവിച്ച് ദല്‍ഹി ഹൈക്കോടതി. പുരുഷന്‍ സ്വന്തം ഭാര്യയുമായി നടത്തുന്ന നിര്‍ബന്ധിത ലൈംഗിക ബന്ധത്തെയാണ് വൈവാഹിക ബലാത്സംഗമായി കണക്കാക്കുന്നത്.  
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375ാം വകുപ്പില്‍നിന്ന് ഇത് ഒഴിവാക്കിയതിനെ കുറിച്ചുള്ളതാണ്  ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.
ജസ്റ്റിസ് രാജീവ് ശക്‌ധേര്‍, ജസ്റ്റിസ് സി. ഹരി ശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്.
വൈവാഹിക ബലാത്സംഗ കുറ്റത്തില്‍ നിന്ന് ഭര്‍ത്താവിനെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് ശക്‌ധേര്‍ പ്രസ്താവിച്ചപ്പോള്‍ ശക്‌ധേറിനോട് യോജിക്കുന്നില്ലെന്ന് ജസ്റ്റിസ് ഹരി ശങ്കര്‍ പറഞ്ഞു.
ഭര്‍ത്താവ് തന്റെ ഭാര്യയുമായി സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വിഷയത്തില്‍ ഇതുവരെ ചുമത്തിയിരിക്കുന്ന വ്യവസ്ഥകള്‍ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണെന്നും അതിനാല്‍ അത് റദ്ദാക്കപ്പെടുമെന്നും  ജസ്റ്റിസ് ഷാക്‌ധേര്‍ പറഞ്ഞു. വൈവാഹിക ബലാത്സംഗത്തെ ക്രിമിനല്‍ കുറ്റമാക്കണമെന്ന ആവശ്യമുന്നയിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375ാം വകുപ്പില്‍നിന്ന് ഇത് ഒഴിവാക്കിയതിനെ ചോദ്യം ചെയ്തും സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളില്‍  
ഫെബ്രുവരി 21 ന് ഇതേ ബെഞ്ച് വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് വിഷയത്തില്‍ അഭിപ്രായം ആരാഞ്ഞ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ മാറ്റിവെക്കണമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍, വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രത്തിന് കൂടുതല്‍ സമയം അനുവദിക്കാന്‍ ബെഞ്ച് വിസമ്മതിച്ചു.
ഈ വിഷയത്തില്‍ കേന്ദ്രത്തിന്റെ കൂടിയാലോചനകള്‍ എപ്പോള്‍ അവസാനിക്കുമെന്നതിനെ കുറിച്ച് സമയപരിധി ഇല്ലാത്തതിനാല്‍ ഉത്തരവ് മാറ്റിവെക്കാന്‍ കഴിയില്ലെന്ന് മേത്തയോട് വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാര്‍ സൂചിപ്പിച്ചു.
വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നതിനെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് സ്വീകരിക്കേണ്ടതുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി ഏഴിന് ഹൈക്കോടതി ഈ വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ സമയം ചോദിച്ച് കേന്ദ്രം മറുപടി വൈകിക്കുകയായിരുന്നു.
രാജ്യത്തെ ക്രിമിനല്‍ നിയമത്തില്‍ വിശാലമായ മാറ്റങ്ങള്‍ വരുത്തുന്ന കാര്യം പരിശോധിക്കുകയാണെന്നും ഈ വിഷയത്തില്‍ ഹരജിക്കാരന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കാനുള്ള ഹരജികളെ തുടര്‍ന്ന് കേന്ദ്രം സമര്‍പ്പിച്ച  സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്.
ബലാത്സംഗം ചെയ്യുന്ന പുരുഷന്‍ ഭര്‍ത്താവാണെങ്കില്‍ അത് ലൈംഗികാതിക്രമായി കണക്കാക്കാന്‍ പറ്റില്ലെന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375 ാം വകുപ്പ് പറയുന്നത്. സ്ത്രീ 15 വയസ്സില്‍ താഴെയാണെങ്കില്‍ ഇത് ബലാത്സംഗമായി കണക്കാക്കണമെന്നും നിയമം പറയുന്നു. സുപ്രീം കോടതി പിന്നീട് ഇത് 18 വയസാക്കി ഉയര്‍ത്തിയിരുന്നു.

 

 

Latest News