Sorry, you need to enable JavaScript to visit this website.

1986, മറഡോണ മാജിക്‌

കിരീടമേന്തി മറഡോണ

പന്തുരുണ്ട വഴികൾ


1986, 31 മെയ്-29 ജൂൺ, മെക്‌സിക്കൊ

ഡിയേഗൊ മറഡോണ സൃഷ്ടിച്ച പ്രതിഭാസ്പർശമുള്ള രണ്ട് നിമിഷങ്ങളാണ് 1982 ലെ മെക്‌സിക്കൊ ലോകകപ്പിനെ അവിസ്മണീയമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടറിലായിരുന്നു രണ്ടും. ആദ്യത്തേത് കുറിയവനായ മറഡോണ അതികായനായ ഗോളി പീറ്റർ ഷിൽറ്റനു മുകളിലുയർന്ന് ഹെഡ് ചെയ്യുന്ന ആക്ഷനിൽ പന്ത് കൈ കൊണ്ട് വലയിലേക്കു തള്ളിയതാണ്. റഫറി ഗോളിന് വിസിലൂതി. മൂന്നു മിനിറ്റിനു ശേഷം സ്റ്റേഡിയം അക്ഷരാർഥത്തിൽ സ്തംഭിച്ചു. സ്വന്തം പകുതിയിൽ പന്ത് സ്വീകരിച്ച മറഡോണ അഞ്ച് ഇംഗ്ലണ്ട് കളിക്കാരെയും ഷിൽറ്റനെയും ഒന്നൊന്നായി വെട്ടിവീഴ്ത്തി പന്ത് വലയിൽ നിക്ഷേപിച്ചു. ഒരു പകുതി പിശാചും മറുപകുതി മാലാഖയുമെന്ന് ആ രണ്ട് ഗോളുകളുടെ പേരിൽ മറഡോണയെ ഒരു ഫ്രഞ്ച് പത്രം വിശേഷിപ്പിച്ചു. രണ്ടാമത്തെ ഗോൾ നൂറ്റാണ്ടിന്റെ ഗോളായി ഫിഫ 2002 ൽ തെരഞ്ഞെടുത്തു. 
ഇംഗ്ലണ്ടിന്റെ ഗാരി ലിനേക്കറായിരുന്നു ടൂർണമെന്റിലെ മറ്റൊരു ഹീറോ. അർജന്റീനക്കെതിരെ ഒരു ഗോളടിച്ച ലിനേക്കർക്ക് തലനാരിഴക്കാണ് സമനില ഗോൾ നഷ്ടപ്പെട്ടത്. പോളണ്ടിനെതിരായ കളിയിൽ ലിനേക്കർ നേടിയ ഹാട്രിക്കാണ് മോശം തുടക്കത്തിനു ശേഷം മുന്നേറാൻ ഇംഗ്ലണ്ടിനെ സഹായിച്ചത്. ബൾഗേറിയക്കെതിരെ മെക്‌സിക്കോയുടെ മാന്വേൽ നെഗ്രിറ്റയുടെ ബൈസികിൾ കിക്ക് ഗോളും കാണികളെ ഹരം കൊള്ളിച്ചു. 
24 ടീമുകളെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു ആദ്യ റൗണ്ട്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരും മികച്ച റെക്കോർഡുള്ള നാല് മൂന്നാം സ്ഥാനക്കാരും രണ്ടാം റൗണ്ടിലേക്കു മുന്നേറി.  രണ്ടാം റൗണ്ട് നോക്കൗട്ട് അടിസ്ഥാനത്തിലായിരുന്നു. ബൾഗേറിയയും ഉറുഗ്വായ്‌യും ആദ്യ റൗണ്ടിൽ ഒരു കളി പോലും ജയിക്കാതെ പ്രി ക്വാർട്ടറിലെത്തി. 
സാമ്പത്തികപ്രശ്‌നങ്ങൾ കാരണം കൊളംബിയ പിന്മാറിയതിനാലാണ് ലോകകപ്പ്  മെക്‌സിക്കോക്ക് കിട്ടിയത്. ലോകകപ്പിന് എട്ട് മാസം മുമ്പ്, 1985 സ്‌പെറ്റംബറിലെ കനത്ത ഭൂകമ്പത്തിൽ ഇരുപതിനായിരം പേർ മരിച്ചെങ്കിലും സ്റ്റേഡിയങ്ങൾ തകർന്നില്ല. 1970 ലെ അവിസ്മരണീയ ലോകകപ്പിന് വേദിയൊരുക്കിയ മെക്‌സിക്കൊ രണ്ടു തവണ ലോകകപ്പ് സംഘടിപ്പിക്കുന്ന ആദ്യ രാജ്യമായി. ആദ്യ തവണ ബ്രസീലിന്റെ മാസ്മരിക ടീം ചാമ്പ്യന്മാരായപ്പോൾ ഇത്തവണ മറഡോണ ഒറ്റയാനായി അർജന്റീനയെ കിരീടത്തിലേക്കു നയിച്ചു. അർജന്റീന 14 ഗോളാണ് നേടിയത്. അതിൽ അഞ്ചും മറഡോണയുടെ വകയായിരുന്നു. ഫൈനലിലെ നിർണായക ഗോളുൾപ്പെടെ അഞ്ചെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. തുടർച്ചയായ രണ്ടാം തവണയും പശ്ചിമ ജർമനിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 
1982 ലെ ലോകകപ്പിൽ ഇറ്റലിയുടെ അവസാന ഗോളടിച്ച അലസാന്ദ്രൊ ആൽട്ടോബെല്ലിയാണ് 1986 ലെ ആദ്യ ഗോളടിച്ചത്, ബൾഗേറിയക്കെതിരായ 1-1 സെമിയിൽ. പാരഗ്വായ്‌ക്കെതിരെ അരങ്ങേറ്റക്കാരായ ഇറാഖിന്റെ അഹ്മദ് റഹദിയുടെ ഹെഡറിൽ പന്ത് ഗോളിലേക്കു പറക്കവെ റഫറി ഫൈനൽ വിസിലൂതി, ഇറാഖ് 0-1 ന് തോറ്റു. ബെൽജിയത്തിനെതിരായ കളിയിൽ റഫറിയുടെ മുഖത്തു തുപ്പിയ ഇറാഖിന്റെ സാമിർ ശാക്കിർ മഹ്മൂദിനെ ഫിഫ ഒരു വർഷത്തേക്ക് വിലക്കി. ഇറാൻ-ഇറാഖ് യുദ്ധം കാരണം സ്വന്തം നാട്ടിൽ ഒരു യോഗ്യതാ മത്സരം പോലും കളിക്കാതെയാണ് ഇറാഖ് ഫൈനൽ റൗണ്ടിലെത്തിയത്. പാരഗ്വായ്‌യുടെ കോച്ച് റെ സയെറ്റാനൊ നിരന്തരം കളിക്കളത്തിലിറങ്ങിയതിനാൽ ചുവപ്പ് കാർഡ് കണ്ടു, ലോകകപ്പിൽ പുറത്താക്കപ്പെടുന്ന ആദ്യ കോച്ചായി.
മെക്‌സിക്കൊ-പാരഗ്വായ് മത്സരത്തിൽ 55 ഫൗളുകളാണ് പിറന്നത്. സ്‌കോട്‌ലന്റിനെതിരെ ഉറുഗ്വായ്‌യുടെ ജോസെ ബാറ്റിസ്റ്റ 55 ാം സെക്കന്റിൽ പുറത്തായി നാണക്കേടിന്റെ റെക്കോർഡിട്ടു. 
കന്നിക്കാരായ ഡെന്മാർക്കായിരുന്നു ആദ്യ റൗണ്ടിലെ ടീം. മൈക്കിൾ ലൗഡ്രപും പ്രബേൻ എൽക്ജയറുമടങ്ങുന്ന ടീമിന്റെ ആക്രമണ ഫുട്‌ബോളിൽ ഉറുഗ്വായ് 6-1 ന് തകർന്നു. പശ്ചിമ ജർമനിയെയും അവർ അട്ടിമറിച്ചു. ഹംഗറിയെ സോവിയറ്റ് യൂനിയൻ 6-0 ന് തരിപ്പണമാക്കി. ആദ്യ റൗണ്ടിൽ മിന്നിയ ഡെന്മാർക്കും സോവിയറ്റ് യൂനിയനും രണ്ടാം റൗണ്ടിൽ പൊലിഞ്ഞു. ഇഗോർ ബെലനോവ് ഹാട്രിക് നേടിയിട്ടും സോവിയറ്റിനെ ബെൽജിയം എക്‌സ്ട്രാ ടൈമിൽ 4-3 ന് മറികടന്നു. ഡെന്മാർക്കിന്റെ തോൽവി അതിനെക്കാൾ നാടകീയമായിരുന്നു. ഒരു ഗോളിന് മുന്നിലെത്തിയ ഡെന്മാർക്കിനെ എമിലിയൊ ബുട്രാഗ്വിനോയുടെ നാലു ഗോളിൽ സ്‌പെയിൻ 5-1 ന് തരിപ്പണമാക്കി.  
പോർചുഗലിനെ അട്ടിമറിച്ച മൊറോക്കൊ രണ്ടാം റൗണ്ടിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി. രണ്ടാം റൗണ്ടിൽ പശ്ചിമ ജർമനിയെ അവർ വെള്ളം കുടിപ്പിച്ചു. ഗോൾകീപ്പർ ബദൂ സാക്കി എൺപത്തേഴാം മിനിറ്റ് വരെ അജയ്യനായി നിന്നു. ഒടുവിൽ ലോതർ മത്തായൂസാണ് ജർമനിയുടെ വിജയ ഗോളടിച്ചത്. നാലു ക്വാർട്ടറുകളിൽ മൂന്നും ഷൂട്ടൗട്ടിലാണ് വിധിയായത്. ജർമനിയോട് ഷൂട്ടൗട്ടിൽ തോറ്റ് ആതിഥേയരുടെ കുതിപ്പ് അവസാനിച്ചു. ഷൂട്ടൗട്ടിൽ മൂന്നു തവണ വലത്തോട്ട് ചാടിയ ജർമൻ ഗോളി ഹരോൾഡ് ഷുമാക്കർ രണ്ട് കിക്കുകൾ രക്ഷിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ പുറത്താക്കിയ ഫ്രാൻസ് ആയിരുന്നു ബ്രസീലിന്റെ എതിരാളികൾ. സ്‌കോർ 1-1 ൽ നിൽക്കെ സീക്കൊ എടുത്ത പെനാൽട്ടി ഫ്രഞ്ച് ഗോളി ജോയൽ ബാറ്റ്‌സ് രക്ഷിച്ചു. ഷൂട്ടൗട്ടിൽ മിഷേൽ പ്ലാറ്റീനിക്കും പിഴച്ചെങ്കിലും ഫ്രാൻസ് സെമിയിലേക്കു മുന്നേറി. പക്ഷെ സെമിയിൽ പശ്ചിമ ജർമനി അവരെ പിടിച്ചുകെട്ടി. 
മറഡോണയുടെ മറ്റൊരു അവിസ്മരണീയ ഗോളിലാണ് ബെൽജിയത്തെ അർജന്റീന സെമിയിൽ വീഴ്ത്തിയത്. ഫൈനലിൽ ലോതർ മത്തായൂസിന്റെ കത്രികപ്പൂട്ട് തകർക്കാൻ മറഡോണക്കു സാധിച്ചില്ലെങ്കിലും ജോസ് ലൂയിസ് ബ്രൗണും ജോർജെ വാൾദാനോയും അർജന്റീനയെ മുന്നിലെത്തിച്ചു. പക്ഷെ ആറു മിനിറ്റിനിടെ കാൾ ഹയ്ൻസ് റൂമനിഗ്ഗെയും റൂഡി വൊള്ളറും തിരിച്ചടിച്ചു. മറഡോണക്ക് ഒരു നിമിഷം മതിയായിരുന്നു. മത്തായൂസിന്റെ ഏകാഗ്രത ഒന്നുലഞ്ഞപ്പോൾ മറഡോണയുടെ എണ്ണം പറഞ്ഞ പാസ് വന്നു. 83 ാം മിനിറ്റിൽ ജോർജെ ബുറുച്ചാഗയുടെ വിജയ ഗോളിൽ അർജന്റീന രണ്ടാം തവണ കിരീടമുയർത്തി. മറഡോണ മികച്ച കളിക്കാരനും ലിനേക്കർ ടോപ്‌സ്‌കോററുമായി.
ഇന്ന് പ്രധാന മത്സരങ്ങളിലെല്ലാം ഗാലറികളിൽ കാണാറുള്ള 'മെക്‌സിക്കൻ തിരമാല'യുടെ ഉദ്ഭവം ആ ലോകകപ്പിലായിരുന്നു. 

Latest News