ഒട്ടാവ- കനഡയില്‍ ടോയ്‌ലെറ്റില്‍നിന്ന് സൂം വഴി പാര്‍ലമെന്റ് ചര്‍ച്ചയില്‍ പങ്കെടുത്ത എം.പി അംഗങ്ങളോട് ക്ഷമാപണം നടത്തി. കെട്ടിടത്തിലെ ശുചിമുറിയുടെ പശ്ചാത്തലം മറ്റു എം.പിമാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് വിവാദമായത്. ലിബറല്‍ എംപി ഷഫ്ഖത് അലിയുടെ നടപടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമാണ് ശ്രദ്ധയില്‍ കൊണ്ടുവന്നത്.
ടോയ്‌ലറ്റിന്റെ പിന്‍ഭാഗത്ത് തൊട്ടുമുകളിലുള്ള ചുമരിലാണ് ക്യാമറ ഘടിപ്പിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രണ്ട് വര്‍ഷത്തിനിടെ സൂം കോളില്‍ നാണംകെട്ട സാഹചര്യത്തില്‍ പിടിക്കപ്പെടുന്ന രണ്ടാമത്തെ ലിബറല്‍ എം.പിയാണിത്.
മുന്‍ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയും 55 കാരനുമായ ഷഫ്ഖത് അലി ടൊറന്റോയുടെ വടക്ക്പടിഞ്ഞാറ് ജില്ലയില്‍നിന്ന് കഴിഞ്ഞ വര്‍ഷമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഹൗസ് ഓഫ് കോമണ്‍സില്‍ അംഗങ്ങളുടെ ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെയാണ് നിരവധി അംഗങ്ങള്‍ സ്വകാര്യ വീഡിയോ കോളിലൂടെ ഹാജരായത്.
പരിപാടിയില്‍ നേരിട്ട് പങ്കെടുത്ത കണ്‍സര്‍വേറ്റീവ് എം,പി ലൈല ഗുഡ്‌റിഡ്ജാണ് ഒരു എം.പി ശുചിമുറിയില്‍ നിന്നാണ് പങ്കെടുക്കുന്നതെന്ന സംശയം ഉന്നയിച്ചത്. ഒരാള്‍ ശുചിമുറിയിലുണ്ടെന്ന് പിന്നീട് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് അസിസ്റ്റന്റ് ഡെപ്യൂട്ടി സ്പീക്കര്‍ എം.പിയെ ശാസിക്കുകയായിരുന്നു. എം.പിമാര്‍ തങ്ങളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിവേകം കാണിക്കണമെന്നും ഓണ്‍ലൈനിലായിരിക്കുമ്പോള്‍ ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടു.
തിങ്കളാഴ്ചത്തെ സെഷനില്‍ അലി എവിടെയായിരുന്നുവെന്ന ചര്‍ച്ച വീണ്ടും ഉയര്‍ന്നപ്പോള്‍ കണ്‍സര്‍വേറ്റീവ് ഹൗസ് നേതാവ് ജോണ്‍ ബ്രസാര്‍ഡ് സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കി. വിഷയം വളരെ ഗൗരവമായി കാണുന്നുവെന്നും ഇനി ഒരിക്കലും തെറ്റ് ആവര്‍ത്തിക്കില്ലെന്നും ഷഫ്ഖത്ത് അലി ഉറപ്പു നല്‍കി. അലിയുടെ ആത്മാര്‍ത്ഥമായ ക്ഷമാപണത്തെ തുടര്‍ന്ന് വിഷയം അവസാനിപ്പിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ക്രിസ് ഡി എന്‍ട്രിമോണ്ട് പറഞ്ഞു.