Sorry, you need to enable JavaScript to visit this website.

ഉക്രൈനില്‍ കുറഞ്ഞ വിജയം കൊണ്ട് പുടിന്‍ അവസാനിപ്പിക്കില്ലെന്ന് യു.എസ് ഇന്റലിജന്‍സ്

വ് ളാദിമിര്‍ പുടിന്‍
അവ്‌രില്‍ ഹെയ്ന്‍സ്

വാഷിംഗ്ടണ്‍- ഉക്രൈന്‍ കിഴക്കന്‍ ഭാഗത്തെ വിജയത്തിലും റഷ്യന്‍ പ്രസിഡന്റ്
വ് ളാദിമിര്‍ പുടിന്‍ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം നീണ്ട യുദ്ധത്തിന് തയാറെടുക്കുകയാണെന്നും യു.എസ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി.
കിഴക്കന്‍ മേഖലയില്‍ രൂക്ഷമായ പോരാട്ടം തുടരുന്നതിനിടെയാണ് യു.എസ് ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളെ ഉക്രൈന്‍ ചെറുത്തതിനെത്തുടര്‍ന്നാണ് ഡോണ്‍ബാസ് പ്രദേശം പിടിച്ചടക്കുന്നതില്‍ റഷ്യന്‍ സൈന്യം വീണ്ടും കേന്ദ്രീകരിച്ചത്.
ഇതൊക്കെയാണെങ്കിലും റഷ്യന്‍ സൈന്യം സ്തംഭനാവസ്ഥയില്‍ തുടരുകയാണെന്ന് യു.എസ് ഇന്റലിജന്‍സ് വ്യക്തമാക്കുന്നു.
ഡോണ്‍ബാസിനപ്പുറമുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് പുടിന്‍ ഇപ്പോഴും ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ തന്റെ ആഗ്രഹങ്ങളും റഷ്യയുടെ നിലവിലെ പരമ്പരാഗത സൈനിക ശേഷിയും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ അവ്‌രില്‍ ഹെയ്ന്‍സ്  യു.എസ് സെനറ്റ് കമ്മിറ്റി മുമ്പാകെ പറഞ്ഞു.
നാണയപ്പെരുപ്പവും ഭക്ഷ്യക്ഷാമവും ഇന്ധന വിലയും കാരണം ഉക്രൈന്‍  യു.എസും യൂറോപ്യന്‍ യൂണിയനും ഇപ്പോള്‍ ഉക്രൈനു നല്‍കുന്ന പിന്തുണ ദുര്‍ബലമാകുമെന്നാണ് റഷ്യന്‍ പ്രസിഡന്റ് കണക്കുകൂട്ടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യുദ്ധം തുടരുന്നതിനാല്‍ റഷ്യന്‍ പ്രസിഡന്റിന് കൂടുതല്‍ കടുത്ത മാര്‍ഗങ്ങളിലേക്ക് തിരിയേണ്ടി വന്നേക്കാമെങ്കിലും റഷ്യയുടെ അസ്തിത്വത്തിനു തന്നെ ഭീഷണി നേരിടുകയാണെന്ന്  അദ്ദേഹത്തിനു തോന്നിയാല്‍ മാത്രമേ പുടിന്‍  ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ളൂ.
റഷ്യന്‍ സൈനികരും ഉക്രേനിയന്‍ സൈനികരും  സ്തംഭനാവസ്ഥയിലാണെന്ന് യു.എസ് പ്രതിരോധ  ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ സ്‌കോട്ട് ബെരിയറും   പറഞ്ഞു.
ഏറ്റവും പുതിയ പോരാട്ടത്തില്‍, വടക്കുകിഴക്കന്‍ ഖാര്‍കിവ് മേഖലയിലെ നാല് പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചതായി ഉക്രൈന്‍ അവകാശപ്പെടുന്നു.
ചെര്‍കാസി ടിഷ്‌കി, റുസ്‌കി ടിഷ്‌കി, റൂബിഷ്‌നെ, ബെയ്‌റാക്ക് എന്നിവ റഷ്യയില്‍ നിന്ന് തിരിച്ചുപിടിച്ചതായി ഉക്രൈന്‍ സേന അറിയിച്ചു.

ഉക്രൈന്‍ കൈവരിക്കുന്ന വിജയങ്ങള്‍ ക്രമേണ റഷ്യന്‍ സൈന്യത്തെ ഖാര്‍കിവില്‍ നിന്ന് പുറത്താക്കുകമെന്ന്  പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.

 

Latest News