Sorry, you need to enable JavaScript to visit this website.

വെടിയൊച്ചകളില്ലാത്ത സ്വാത് താഴ്‌വരയില്‍ മലാല തിരിച്ചെത്തി

മിന്‍ഗോറ- പാക്കിസ്ഥാന്‍ താലിബാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് പാക്കിസ്ഥാനിലെ നാടും വീടും ഉപേക്ഷിച്ചു പോകേണ്ടി വന്ന സമാധാന നൊബേല്‍ സമ്മാന ജേതാവ് മലാല യുസുഫ്‌സായ് വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം നാടായ സ്വാത് താഴ്‌വരയിലെത്തി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചതിന് 2012-ലാണ് മലാലയ്ക്കു നേരെ  സ്വാതിലെ മിന്‍ഗോറയില്‍ വച്ച് താലിബാന്‍ ആക്രമണുണ്ടായത്. തലയ്ക്കു വെടിയേറ്റെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ട മലാലയെ വിദഗ്ധ ചികിത്സയക്കായി ബ്രിട്ടനിലേക്ക് കൊണ്ടു പോയ ശേഷം ആദ്യമായാണ് ഇവിടെ തിരിച്ചെത്തുന്നത്.

പാക് സൈന്യത്തിന്റെ കനത്ത സുരക്ഷാ അകമ്പടിയോടെ സ്വന്തം നാടായ മിന്‍ഗോറില്‍ എത്തിയ മലാലയ്ക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. 'കണ്ണുകള്‍ അടച്ചാണ് ഞാന്‍ ഇവിടം വിട്ടത്. ഇപ്പോള്‍ തുറന്ന കണ്ണുകളുമായി തിരിച്ചെത്തിയിരിക്കുന്നു. ഇതൊരു സ്വപ്‌ന സാഫല്യമാണ്. എന്റെ ഏറ്റവും വലിയ സന്തോഷമാണിത്,' സ്വീകരണമേറ്റുവാങ്ങി മലാല  പറഞ്ഞു. ബ്രിട്ടനില്‍ നിന്നും വ്യാഴാഴ്ച ഇസ്ലാമാബാദിലെത്തിയ മലാലയേയും കുടുംബത്തേയും പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രത്യേക ഹെലികോപ്റ്ററിലാണ് ശനിയാഴ്ച സ്വാതിലെ മിന്‍ഗോറയിലെത്തിച്ചത്.

മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമാണ് മലാല പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്. ഇവര്‍ സ്വന്തം വീടും സന്ദര്‍ശിച്ചു. സ്‌കൂള്‍ കാലത്തെ സുഹൃത്തുക്കളേയും മലാല  കണ്ടു. ഗുലിബാഗിലെ സ്വാത് കേഡറ്റ് കോളെജില്‍ മലാലയ്ക്ക് സ്വീകര പരിപാടി ഒരുക്കിയിരുന്നു. സ്വാതില്‍ സമാധാനം തിരിച്ചെത്തിയത്് എന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് 20-കാരിയായ മലാല പറഞ്ഞു. 

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇപ്പോള്‍ ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദ വിദ്യാര്‍ത്ഥിയായ മലാല ഇതിനകം വിദ്യാഭ്യാസ, മനുഷ്യാവകാശ പ്രവര്‍ത്തകയായി മാറിയിരുന്നു. ഭീകരാക്രമണ ഇരകളുടെ കരുത്തുറ്റ പ്രതീകമായാണ മലാല വിശേഷിപ്പിക്കപ്പെടുന്നത്. 2014-ല്‍ നൊബേല്‍ സമ്മാനവും തേടിയെത്തി. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ പുരസ്‌കാരം നേടുന്ന ആദ്യ വ്യക്തിയാണ് മലാല. സന്ദര്‍ശനം പൂര്‍ത്തിയാക്കി തിങ്കളാഴ്ച മലാലയും കുടുംബവും ബ്രിട്ടനിലേക്കു തന്നെ മടങ്ങും.
 

Latest News