ഹൈദരലി തങ്ങള്‍ ഇങ്ങനെ പ്രസ്താവന നടത്തിയിട്ടില്ല
മലപ്പുറം- ക്ഷേത്രങ്ങളിലെ പ്രഭാത ഗീതത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് മുസ്ലിം ലീഗ്. ഹൈദരലി തങ്ങളുടെ ചിത്രം ദുരുപയോഗം ചെയ്ത് കള്ളക്കഥയുണ്ടാക്കി കലാപത്തിന് ശ്രമിക്കുന്നവരെ പിടികൂടനണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലി കുട്ടി ആവശ്യപ്പെട്ടു. വ്യാജ പ്രചാരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റുമായ പി എ ജബ്ബാര്‍ ഹാജ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ വിഷയം കുഞ്ഞാലിക്കുട്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നേരിട്ട് ഫോണില്‍ വിളിച്ച് ഉണര്‍ത്തുകയും ചെയ്തു.
പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം കുറക്കണമെന്ന് നേരത്തെ ഹൈദരലി തങ്ങള്‍ പ്രസ്താവന ഇറക്കിയിരുന്നു. സമാനമായി ക്ഷേത്രങ്ങളില്‍ ഉച്ചഭാഷിണിയിലൂടെ പ്രഭാത ഗീതം കേള്‍പ്പിക്കുന്നതും അവസാനിപ്പിക്കണെന്ന് തങ്ങള്‍ പറഞ്ഞുവെന്ന വ്യാജ വാര്‍ത്തയാണ് ചിത്ര സഹിതം പ്രചരിച്ചത്. ഇതു വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രചാരണമാണെന്നും തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഡിജിപിക്ക് ന്ല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. വ്യാജ പ്രചാരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.