Sorry, you need to enable JavaScript to visit this website.

ശ്രീലങ്കയില്‍ വ്യാപക അക്രമം, അഞ്ച് മരണം, 180 പേര്‍ക്ക് പരിക്ക്

കൊളംബോ- ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെയുടെ രാജി ആവശ്യപ്പെടുന്ന പ്രക്ഷോഭകരും സര്‍ക്കാര്‍ അനുഭാവികളും തമ്മിലുണ്ടായ അക്രമത്തില്‍ കുറഞ്ഞത് അഞ്ച് പേര്‍ കൊല്ലപ്പെടുകയും 150 ലേര്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഏറ്റുമുട്ടല്‍ വ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യത്തുടനീളം  അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അക്രമം നിയന്ത്രിക്കാന്‍ സൈന്യത്തെ വിളിച്ചിട്ടുമുണ്ട്. ഏപ്രില്‍ ഒമ്പതു മുതല്‍ സമാധാനപരമായി പ്രതിഷേധിച്ചിരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ ദ്വീപിലുടനീളം തിരിച്ചടിക്കാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഭരണകക്ഷി ജനപ്രതിനിധിയായ അമരകീര്‍ത്തി തന്റെ വാഹനം തടഞ്ഞ പ്രകടനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന്  27 കാരന്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പിന്നീട് എം.പി അമരകീര്‍ത്തി ജീവനൊടുക്കിയതായി പോലീസ് പറഞ്ഞു. എം.പിയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടെങ്കിലും എങ്ങനെയെന്ന് വ്യക്തമല്ല.
രോഷാകുലരായ ജനക്കൂട്ടം ഭരണകക്ഷി എം.പിയായ സനത് നിശാന്തയുടെ പുത്തലം ജില്ലയിലെ വീട് അടിച്ചു തകര്‍ത്തു.വസ്തുവകകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തിയശേഷം തീയിട്ടു. തലസ്ഥാനത്ത് സര്‍ക്കാര്‍ വിരുദ്ധ ഗോട്ടാ ഗോ ഹോം പ്രക്ഷോഭകരെ ആക്രമിച്ചവരോടൊപ്പം  നിശാന്തയും ഉണ്ടായിരുന്നു.  
രജപക്‌സെയുടെ വിശ്വസ്തനായ ജോണ്‍സ്റ്റണ്‍ ഫെര്‍ണാണ്ടോയുടെ ഓഫീസും വീടും കുരുനാഗല നഗരത്തില്‍ കത്തിച്ചു. ഒരു ഡസനിലധികം വാഹനങ്ങള്‍ അഗ്‌നിക്കിരയായതായി പോലീസ് പറഞ്ഞു.
രജപക്‌സെക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എട്ട് ബസുകളില്‍  മുനിസിപ്പല്‍ തൊഴിലാളികളെ രംഗത്തിറക്കിയ കൊളംബോ പ്രാന്തപ്രദേശമായ മൊറാട്ടുവയിലെ മേയര്‍ സമന്‍ ലാല്‍ ഫെര്‍ണാണ്ടോയുടെ വീടും കത്തിച്ചു.
സര്‍ക്കാര്‍ വിരുദ്ധ പ്രകടനക്കാരുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ രജപക്‌സെ അനുഭാവികള്‍ക്ക് കൊളംബോ നാഷണല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ ഇടപെട്ടാണ് ചികിത്സ ലഭ്യമാക്കിയത്. അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രവേശനം  ജനക്കൂട്ടം തടഞ്ഞിരുന്നു.
പരിക്കേറ്റ നിരവധി സര്‍ക്കാര്‍ അനുകൂലികളെ കൊണ്ടുവരാന്‍  സൈനികര്‍ക്ക് ഗേറ്റുകളുടെ പൂട്ടുകള്‍ തകര്‍ക്കേണ്ടിവന്നു.
ആക്രമിച്ച ഡസന്‍ കണക്കിന് സര്‍ക്കാര്‍ അനുകൂലികളെ പിടികൂടി പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ആഴം കുറഞ്ഞ ബെയ്‌റ തടാകത്തില്‍ തള്ളി.  
രജപക്‌സെയുടെ വിശ്വസ്തരെ കയറ്റിയ രണ്ട് ബസുകള്‍ക്കൊപ്പം മൂന്ന് പിക്കപ്പ് ട്രക്കുകളും മാലിന്യ തടാകത്തിലേക്ക് തള്ളി.
രജപക്‌സെയെ അനുകൂലിക്കുന്നവര്‍ കൊളംബോയിലേക്ക് പോകാന്‍ ഉപയോഗിച്ച ഡസന്‍ കണക്കിന് ബസുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കത്തിക്കുകയോ നശിപ്പിക്കുകയോ ചെയ്തു.
മഹാരാഗമ പ്രാന്തപ്രദേശത്ത് സര്‍ക്കാര്‍ അനുകൂല സംഘത്തിന്റെ നേതാവിനെ ബസില്‍ നിന്ന് ഇറക്കി മാലിന്യ വണ്ടിയിലേക്ക് വലിച്ചെറിഞ്ഞ ശേഷം  ബസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.

 

Latest News