ന്യൂദല്‍ഹി-ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതി മുരളീ മനോഹര്‍ ജോഷിയെ ഈദ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ച സംഭവത്തില്‍ ജംഇയ്യത്തെ ഉലമ ഹിന്ദ് ജനറല്‍ സെക്രട്ടറി മഹ്മൂദ് മദനിക്ക് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശം. ആര്‍.എസ.്എസ് ഏജന്റെന്ന് വിളിച്ചാണ് ആക്ഷേപം.
ബി.ജെ.പി സര്‍ക്കാരിനെ വെള്ളപൂശാനാണ് മദനിയുടെ ശ്രമമെന്ന് നേരത്തെ തന്നെ വിമര്‍ശമുണ്ട്.
കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും കശ്മീരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതും ന്യായീകരിച്ചതുമുതല്‍ എന്‍ആര്‍സിയെ പിന്തുണക്കുന്നത് വരെ മദനി തന്റെ കഴിവിനനുസരിച്ച് എല്ലാ കാര്യങ്ങളും ബി.ജെ.പിക്കുവേണ്ടി ചെയ്യുന്നുണ്ടെന്നാണ് ആരോപണം.
ബുള്‍ഡോസര്‍ ഉപയോഗിച്ച് മുസ്‌ലിം വീടുകള്‍ തകര്‍ത്തതിലും ആള്‍ക്കൂട്ട കൊലപാതകങ്ങളിലും ഹിജാബ് നിരോധനത്തിലുമെല്ലാം നിശബ്ദത പാലിക്കുന്ന മദനി അന്താരാഷ്ട്ര വേദികളില്‍ മോഡി ഭരണത്തിന്റെ പ്രതിച്ഛായ ശരിയാക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്നും നെറ്റിസണ്‍സ് ആരോപിച്ചു.
ബി.ജെ.പി സര്‍ക്കാരില്‍നിന്നും ആര്‍.എസ്.എസില്‍നിന്നും പണം ലഭിക്കുന്ന മദനിയുടെ സംഘടനക്ക് സംഭാവന നല്‍കരുതെന്നും ജംഇയ്യത്തെ ഉലമയെ ബഹിഷ്‌കരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.