പട്‌ന- കാമുകിയുടെ വിവാഹവേദിയില്‍ അതിക്രമിച്ച് കയറി വധുവിന്റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി കാമുകന്‍. വധുവും വരനും വരണമാല്യം ചാര്‍ത്തുന്നതിനിടെയാണ് ബിഹാര്‍ സ്വദേശിയായ അമിത് കുമാര്‍ വിവാഹ മണ്ഡപത്തിലേക്ക് കയറിച്ചെന്നത്. ഇയാള്‍ വരന്റെ കയ്യില്‍ നിന്ന് മാല പിടിച്ചുവാങ്ങി വധുവിന്റെ കഴുത്തില്‍ അണിയിക്കുകയും നെറ്റിയില്‍ ബലമായി സിന്ദൂരം ചാര്‍ത്തുകയും ചെയ്തു.
പ്രകോപിതരായ അതിഥികള്‍ അയാളെ പിടികൂടി മര്‍ദ്ദിക്കാന്‍ തുടങ്ങി. എന്നാല്‍ അപ്പോഴും വധു അയാളെ വിട്ടയയ്ക്കാന്‍ അതിഥികളോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. പിന്നീട് പോലീസിനെ വിളിച്ചുവരുത്തി യുവാവിനെ കൈമാറി. എന്നാല്‍, സംഭവത്തിനു പിന്നാലെ വരന്റെ വീട്ടുകാര്‍ വിവാഹം വേണ്ടെന്നുവെച്ചു. വിവാഹം മുടക്കാന്‍ കാമുകനും വധുവും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.