ന്യൂദല്‍ഹി- കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലങ്കില്‍ ലഖിംപുര്‍ സംഘര്‍ഷം ഒഴിവാക്കാമായിരുന്നുവെന്ന് അലഹബാദ് ഹൈക്കോടതി. കര്‍ഷക കൂട്ടക്കൊല കേസിലെ നാല് പ്രതികളുടെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാന പരാമര്‍ശം.
അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്ന രാഷ്ട്രീയക്കാര്‍ മാന്യമായ ഭാഷയിലായിരിക്കണം അഭിപ്രായം പറയേണ്ടത്. തങ്ങളുടെ അഭിപ്രായം സമൂഹത്തില്‍ എന്ത് പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് നേതാക്കള്‍ക്ക് ബോധ്യമുണ്ടാകണം. നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഉയര്‍ന്ന പദവികളിലുള്ളവര്‍ നടത്തരുതെന്നും ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിരോധാജ്ഞ നിലനിന്ന സ്ഥലത്ത് എങ്ങനെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പങ്കെടുത്ത ഗുസ്തി മത്സരം നടന്നതെന്നും കോടതി ആരാഞ്ഞു. ഉപമുഖ്യമന്ത്രിക്ക് നിരോധാജ്ഞ സംബന്ധിച്ച വിവരം മുന്‍കൂട്ടി ലഭിച്ചില്ലെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. നിയമം ലംഘിക്കാന്‍ നിയമം ഉണ്ടാക്കുന്നവര്‍ക്ക് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തെ കോടതി ഉത്തരവില്‍ പ്രശംസിച്ചിട്ടുണ്ട്.