2024 എന്തു കൊണ്ടും ചരിത്രം സൃഷ്ടിക്കും; സംശയമില്ല. അടുത്ത ലോക്‌സഭ, പോരാഞ്ഞിട്ട് 'തദ്ദേശ സ്വയംഭരണക്കാരും' ജനം വല്ലാതെ വശംകെടും. എന്നാലെന്ത്, രണ്ടിലൊന്ന് അറിയാം. ഛോട്ടാ-ബഡാ ഭേദമില്ലാതെ മുന്നണിയുണ്ടാകും, എന്നിട്ടു കാലുവരും. അങ്ങനെ 20 ാം നൂറ്റാണ്ടു മുതൽ മുടങ്ങാതെ പ്രഖ്യാപിച്ചു പോരുന്ന ദേശീയ ജനാധിപത്യ മുന്നണി പ്രസവം നടക്കും. ചിന്ന ചിന്ന പാർട്ടികൾ 'ക്ലീൻ ബൗൾഡ് ആയി ഇമ്രാൻ ഖാനായി പുറത്തുപോയി കുത്തിരിയിരിക്കും. ചില 'ദേശീയ'ന്മാർ ഇപ്പോൾ തന്നെ ചിന്നപ്പാർട്ടികളാണ്. വേഷം കണ്ടാൽ 'രാജപ്പാർട്ട് രംഗ ദുരൈ' ആണെന്നു തോന്നാം. ഇവറ്റകളെയൊക്കെ ഇനിയും തീറ്റിപ്പോറ്റേണ്ടതുണ്ടോ എന്ന് അടുത്ത വർഷം മെയ് മാസപ്പുരലരിയിൽ ന്യായമായും ആരും സംശയിക്കും. അതുകൂടി മുൻകൂട്ടി കണ്ടിട്ടാണോ എന്നറിയില്ല, നമ്മുടെ ബഹിരാകാശ ഗവേഷണ സ്ഥാപനം ഒരു പദ്ധതി തയാറാക്കിയിട്ടുണ്ട്. ആരും കൈയടിച്ചു പോകും. 2024 ഡിസംബറിൽ, സ്ഥാപനം ഒരു 'ശുക്രയാൻ' വിക്ഷേപിക്കും. പേടകമാണ്. അകത്തു മനുഷ്യർക്ക് ഇരിക്കുവാൻ സീറ്റുണ്ടോ എന്ന് ഇപ്പോൾ വ്യക്തമല്ല. ശ്രമിച്ചാൽ നടപ്പിലാക്കാവുന്നതേയുള്ളൂ. 'ചന്ദ്രയാൻ' ഇന്നും നിലം തൊടാതെ കറങ്ങുന്നുണ്ട്; ഒരു പൗരനെപ്പോലും കയറ്റിക്കൊണ്ടുപോകാതെ തന്നെ. നിലം വിട്ടാൽ പിന്നെ ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമത്തിനു കാര്യമില്ല. 'ഭൂമിക്കു ഭാരം കുറഞ്ഞു' എന്ന് ഒറ്റ വാചകത്തിൽ കാര്യം കഴിഞ്ഞു. എത്രയെത്ര പാർട്ടികളാണ് ഇങ്ങനെ ഇഹലോകവാസം വെടിയാൻ ഊഴം കാത്തുകിടക്കുന്നത്? തീർച്ചയായും വികസന പദ്ധതികളേക്കാൾ ഉപകാരം ചെയ്യും വിക്ഷേപണ പരിപാടികൾ.
ബഹിരാകാശത്ത് കല്ലിടാനോ, കുറ്റി പിഴുതു മാറ്റാനോ ആരും വരില്ല 'രോഗി ഇഛിച്ചതും വൈദ്യൻ കൽപിച്ചതും പാല്' എന്ന ചൊല്ലനുസരിച്ച് അധികാരികളും ജനവും ഒരേ തരംഗ ദൈർഘ്യത്തിൽ ചിന്തിച്ചാൽ മതി; നാട്ടിൽ സൈ്വരക്കേടും രസീതു ബുക്കിന്റെ ശല്യവും നല്ലൊരു അളവു വരെ പരിഹരിക്കാൻ കഴിയും. കോവിഡ് ശല്യം കുറഞ്ഞപ്പോൾ, ഉച്ചഭാഷിണി ശല്യം മാരകമായിട്ടുണ്ട് എന്നും ഓർക്കണം. സീറ്റില്ലാതെ ബഹിരാകാശ വാഹനം മുകളിലേക്കു വിടുന്നതിനേക്കാൾ നാടിന് അഭിമാനകരമാകും മേൽപടി നടപടി. ചെലവു കുറച്ച് തികച്ചും തദ്ദേശീയമായി പേടകം വികസിപ്പിച്ചെടുത്ത് വാണപ്രയോഗം നടത്തുന്ന സ്ഥാപനത്തിന് ആ സംവിധാനം റോഡിലൂടെയും പരീക്ഷിക്കാം. ട്രാൻസ്‌പോർട്ട് കോർപറേഷനെ പഠിപ്പിക്കാം. ഒട്ടും തന്നെ നന്നായില്ലെങ്കിൽ അവരെയും മേലോട്ട് എടുക്കാം.
**** **** ****
എല്ലാം ഒന്നു സിനിമാറ്റിക് ആയി കാണുന്നതാണ് തൃക്കാക്കര തെരഞ്ഞെടുപ്പിനുള്ള ഭംഗി. ഏട്ടന്മാർ പുര നിറഞ്ഞുനിൽക്കുമ്പോൾ അനിയന് പെണ്ണു കെട്ടാൻ മോഹം. പാർട്ടി അഥവാ, ഫാമിലി അറിയാതെ കെ.എസ്. അരുൺകുമാർ സഖാവ് ചുമരെഴുത്തു തുടങ്ങിയതെന്തിന്? വെറും പാർലമെന്ററി വ്യാമോഹം എന്ന് ഉത്തരം. ചേട്ടൻ സ്വരാജ് സഖാവ് പുത്തൻ കവണിയുടുത്തു റെഡിയായി നിൽക്കുന്നു. എന്തിനേറെ, മുന്നണി കൺവീനർ സ്ഥാനത്ത് ഒരു മാസമായി വാഴുന്ന മൂത്ത ചേട്ടൻ ജയരാജൻ സഖാവ് പോലും മത്സരിക്കാൻ മടികാട്ടുന്ന ദേഹമൊന്നുമല്ല. ജയിച്ചാൽ മന്ത്രിയാണ്. ആ പാർലമെന്ററി വ്യാമോഹം (വീണ്ടും പാർലമെന്ററി.... ശ്ശെ!) തൽക്കാലം അമർത്തിവെച്ചത് മണ്ഡലം തൃക്കാക്കര ആയതുകൊണ്ടാണ്. ജയിച്ചാൽ 'കൊലമരത്തിൽ നിന്നിറങ്ങിപ്പോന്ന മനുഷ്യൻ' എന്ന ഖ്യാതി കിട്ടും. പക്ഷേ, 'എന്റെ മോഹങ്ങൾ പൂവണിഞ്ഞു' എന്ന് ഉറപ്പിക്കണമെങ്കിൽ, എല്ലാ വടക്കൻ പാട്ടുകളും പാടേണ്ടിവരും. എന്നാലും വോട്ട് കമ്മി. കോൺഗ്രസിന് 99 വർഷത്തേക്ക് കുത്തകപ്പാട്ടമായി ലഭിച്ചിട്ടുള്ള മണ്ഡലമാണ്. സഖാവ് തോറ്റാൽ കൊട്ടാരക്കര ചന്ദ്രശേഖരനോ, ഗുരുവായൂർ കേശവനോ ചരിഞ്ഞ ഫലമാകും പാർട്ടിക്ക്. എങ്കിലും നമ്മുടെ പയ്യൻ അരുൺ സഖാവ് ചുമരെഴുതാൻ ക്വട്ടേഷൻ കൊടുത്തതു കടന്ന വ്യാമോഹമായിപ്പോയി. ഇരട്ടച്ചങ്കുള്ള മുഖ്യന്റെ നാട്ടിൽ പോലും കെ-റെയിലെന്നു കേട്ടാൽ നാട്ടുകാർ വണ്ടിയിലേറെ തല്ലാൻ വരുന്ന കാലമാണ്. ചാനലുകളിലും പുറത്തുമായി 'സിൽവർ ലൈൻ' തടവി രസിക്കുന്ന പയ്യൻ സഖാവിനെ പിടിച്ചു തൃക്കാക്കരയിൽ 'കൊലയ്ക്കു കൊടുക്കണോ' എന്നാലോചിക്കാൻ രണ്ടു തവണ കൂടി സ്റ്റേറ്റ് കമ്മിറ്റി കൂടിയേ കഴിയൂ.
ഇന്ത്യയുടെ മൊത്തം ചരിത്രവും 1964 ലെ പിളർപ്പിനു ശേഷമുള്ള കഥകളും പരിശോധിച്ചാൽ ചോരച്ചെങ്കൊടിയേന്തിയ സഖാക്കൾക്ക് ഇങ്ങനെയൊരു പണി കിട്ടുന്നത് ആദ്യമത്രേ! ലോകത്ത് എവിടെ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാലും ആദ്യ സ്ഥാനാർഥി പ്രഖ്യാപനം ഇടതുമുന്നണിയുടെ കുത്തവകാവകാശമായിരുന്നു. ഇത്തവണ 'ഫലം' നേരത്തേ നിശ്ചയിച്ചക്കപ്പെട്ടത് ഇനി 'വടം' കെട്ടി വലിച്ചാലും മാറുകില്ല. എങ്കിലും 'ഗോഡ് ഫാദർ' പാർട്ടി തന്നെ ആയതിനാലും നല്ല 'തണ്ടും തടിയു'മുളള മൂത്ത സന്തതികൾ മുന്നിൽ കയറി നിൽക്കുന്നതുകൊണ്ടും സ്ഥാനാർഥിയെ അർധരാത്രിക്കു ശേഷം പ്രഖ്യാപിക്കുന്നതാകും നല്ലത്. ചില മാധ്യമങ്ങൾ ചോദ്യങ്ങളുമായി വളയും. അപ്പോൾ എടുത്തുവീശാൻ ആയുധമുണ്ട്- പി.ബി. അതല്ലെങ്കിൽ ദേശീയ സമിതി. 'അവൈലബിൾ പി.ബി'യെങ്കിലും അംഗീകരിച്ചിട്ടേ പ്രഖ്യാപിക്കാൻ കഴിയൂ. അവരെ കണ്ടു പിടിക്കാൻ ഇന്ത്യ മുഴുവൻ ഓടി നടക്കുകയായിരുന്നു. അച്ചടക്കമാണ് പ്രധാനം.
'സീറോ അവറിൽ' ഓടിച്ചെന്നു നോമിനേഷൻ കൊടുക്കുന്നതാണ് ദേശീയ (പാർട്ടി) പാരമ്പര്യം. സ്ഥാനാർഥിയെ പിന്നീടു നിശ്ചയിച്ചാലും മതി. 'ഡമ്മി' പിൻവാങ്ങിയാൽ മതിയല്ലേ. പക്ഷേ തൃക്കാക്കര ഉമ തോമസിന്റെ എതിരാളികൾക്ക് (സംശയിക്കേണ്ട, കോൺഗ്രസുകാർ തന്നെ) പണി കൊടുത്തു. 'അമ്മ്യാർക്ക് ബിഷപ്പ് പോലും പിന്തുണയെന്നാണ് കേൾവി. അപ്പോഴാണ് മണ്ഡലം ഒരു 'ചട്ടമ്പിനാട്' ആണെന്ന കാര്യം പുറത്തു വരുന്നത്. തന്നോട്ടു ആലോചിക്കാതെയാണ് അമ്മ്യാർക്കു സീറ്റ് കൊടുത്തതെന്ന് ദീപ്തി മേരി വർഗീസ്! ആരാണ് ദീപ്തി മേരി എന്ന് അതോടെ ലോകമറിഞ്ഞു ഞെട്ടി. ഇതുവരെ കോൺഗ്രസുകാർ പോലും ആ പേരു കേട്ട് മൂക്കത്തു വിരൽവച്ച് തമ്മിൽ തമ്മിൽ അന്വേഷിച്ചിരുന്നു. മേരി കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറി ആകുന്നു!- മനസ്സിലായല്ലോ! അടുത്തത് അച്ചടക്കത്തിന്റെ അഖില ലോകാചാര്യനായ കുമ്പളങ്ങി മാഷ്. മാഷും മരുമകളും നോമിനേഷൻ കാത്തുകഴിയുകയായിരുന്നു. ഉറങ്ങിയിട്ട് ഒരാഴ്ചയായി. 'നന്ദനം' പടത്തിലെ 'കുമ്പിടി'യുടെ സിദ്ധിവിശേഷമുള്ളതിനാൽ മാഷിനെ കൊച്ചിയിൽ കോൺഗ്രസിലും കണ്ണൂരിൽ സി.പി.എമ്മിലും കണ്ടവരുണ്ട്. കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ തുടങ്ങി ത്യാഗിവര്യന്മാരായ ഗാന്ധിയന്മാരോട് സ്ഥാനാർഥി നിർണയത്തെക്കുറിച്ച് ഒരു വാക്കു ചോദിച്ചില്ല എന്നതാണ് മാഷിന്റെ പരാതി. അതൊരു ഹിമാലയൻ വീഴ്ചയാണ്. പരിക്കു പറ്റുന്നതു പിന്നാലെ കണ്ടറിയാം. മൂന്നാമൂഴം ഷാനിമോൾ ഉസ്മാന്റേത്. അവരോടും ആരും ഒന്നും അന്വേഷിച്ചില്ല. തെറ്റാണ്. ഇതു അമ്മയല്ല, മാക്ടയല്ല, വിമൻ ഇൻ കലക്ടീവല്ല. ശരിക്കും ഇവർക്കൊക്കെ എന്താണ് കുറവ്? ലക്ഷണപ്പിശകു കണ്ടതോടെയാണ് കുമ്പളങ്ങി കണ്ണൂരിൽനിന്നും പറത്തെത്തി കോൺഗ്രസിലെ അംഗത്വം ഒന്നു പുതുക്കിയത്. കാരണം അവരെ ലേശം പഠിപ്പിക്കാനുണ്ട്. തീർന്നിട്ടില്ല. എല്ലാ ചട്ടമ്പിമാരെയും നേരിൽകണ്ട് ആശീർവാദം വാങ്ങിയേ അടങ്ങൂ എന്നാണ് സ്ഥാനാർഥി ഉമ തോമസിന്റെ ദുർവാശി. വിരോധമില്ല; ഇരുചെവികളിലും പഞ്ഞി തിരുകുന്നത് അത്യുത്തമം.
**** **** ****
പി.സി. ജോർജിന് മത്സരിക്കണമത്രേ! ബി.ജെ.പി പിന്തുണച്ചാൽ. അങ്ങോരുടെ പേരു കേട്ടതോടെ ഓടിയൊളിച്ച കേന്ദ്ര ഭരണപ്പാർട്ടി നേതാക്കളെ കണ്ടുപിടിക്കാൻ 'ലുക്ക് ഔട്ട് നോട്ടീസ്' വേണ്ടിവരുന്ന അവസ്ഥയാണ് കേരളത്തിൽ. ഇതിനിടെ, ഈരാറ്റുപേട്ടയിൽ നിന്നും വനത്തിൽ തടി പിടിക്കാനയച്ച ഒരാന പിണങ്ങി നാട്ടിലിറങ്ങി കറങ്ങുന്നതായി കേട്ടതും ഒന്നാമന്റെ മത്സര മോഹവും തമ്മിൽ ബന്ധമില്ലെന്നും അറിയാനിടയായി.
**** **** ****
'ചക്കയ്‌ക്കൊത്ത കുട' എന്നു പറഞ്ഞതു പോലെ, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാതെ അമർത്തിപ്പിടിക്കാൻ തക്ക മാനസിക ബലമുണ്ട് മന്ത്രി സജി ചെറിയാന് എന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസ്സിലാകും. ചില വനിതകൾക്കു പുറത്തുവിട്ടേ തീരൂ എന്നു വാശി. പുറത്താക്കിയാൽ 'അർധരാത്രിയിൽ സൂര്യനുദിച്ചാലുള്ള' കാഴ്ചകളായിരിക്കും എന്നറിയാതെയാണോ ഈ സിനിമാ പെങ്കൊച്ചുങ്ങൾ നിർബന്ധം പിടിക്കുന്നതെന്നും സംശയം. കാര്യം കൈവിട്ട കളിയായി മാറുമേ, പറഞ്ഞേക്കാം.
പിന്നെ, തുല്യ ജോലിക്കു തുല്യ വേതനം, സ്ഥിരം നിയമനം, സ്ത്രീപക്ഷവാദം, എഴുത്ത്, പെൻഷൻ, ബോണസ്, പ്രസവാവധി തുടങ്ങി എന്തു വേണേലും ചോദിക്കാം. പണം മുടക്കാൻ നിർമാതാവിനെ കൂടി എവിടെ നിന്നെങ്കിലും പിടിച്ചോണ്ടു വന്നാൽ ഉപകാരമായി.