ന്യൂദല്‍ഹി- പൗരത്വപ്രതിഷേധങ്ങളുടെ ശ്രദ്ധാകേന്ദ്രമായ ഷഹീന്‍ബാഗില്‍ ഒഴിപ്പിക്കല്‍ നടപടികളുമായി ദക്ഷിണ ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍. ബുള്‍ഡോസുകളുമായെത്തിയാണ് ഒഴിപ്പിക്കല്‍ ആരംഭിച്ചിരിക്കുന്നത്. വന്‍ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് നടപടി. ഒഴിപ്പിക്കലിനെതിരെ വലിയ പ്രതിഷേമാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്നത്. ഷഹീന്‍ബാഗിലെ ഒഴിപ്പിക്കല്‍ നടപടി വ്യാഴാഴ്ച മുതല്‍ ആരംഭിക്കാനായിരുന്നു ദക്ഷിണ ഡല്‍ഹി കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സുരക്ഷക്ക് ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ഒഴിപ്പിക്കാനുള്ള നടപടി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. സൗത്ത് എംസിഡിയുടെ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് ഷഹീന്‍ ബാഗിലെ അബു ഫസല്‍ ഏരിയ, കാളിന്ദി കുഞ്ച്, മറ്റ് സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഒഴിപ്പിക്കുക. പ്രദേശത്തെ അനധികൃത കെട്ടിടങ്ങളാണ് ഒഴിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പ്രതിഷേധങ്ങള്‍ എത്രയൊക്കെ ഉയര്‍ന്നാലും കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി കോര്‍പറേഷന്‍ മുന്നോട്ട് പോകുമെന്ന് എസ്ഡിഎംസി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ (സെന്‍ട്രല്‍ സോണ്‍) രാജ്പാല്‍ പറഞ്ഞു. കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനായി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുഗ്ലക്കാബാദ്, സംഗം വിഹാര്‍, ന്യൂ ഫ്രണ്ട്‌സ് കോളനി , ഷഹീന്‍ബാഗ് ഇവിടങ്ങളില്‍ എല്ലാം കൈയ്യേറ്റങ്ങള്‍ കോര്‍പറേഷന്‍ നീക്കം ചെയ്യുമെന്നും രാജ്പാല്‍ കൂട്ടിച്ചേര്‍ത്തു.