കീവ്- ഉക്രൈനില്‍ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ സ്‌കൂളില്‍ അഭയം തേടിയിരുന്ന നിരവധി പേര്‍ കൊല്ലപ്പെട്ടു. അറുപതിലേറെ പേര്‍ കൊല്ലപ്പെട്ടുവന്നാണ് പ്രാദേശിക ഗവര്‍ണര്‍ അറിയിച്ചത്. ഡോണ്‍ബാസ് മേഖലയിലെ ബിലോറിവ്ക ഗ്രാമത്തിലെ 90 പേരെങ്കിലും സ്‌കൂളില്‍ അഭയം തേടിയിരുന്നുവെന്ന് പറയുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്.
മരിയുപോളില്‍ റഷ്യന്‍ സൈന്യം ഉപരോധിച്ച അസോവ്‌സറ്റല്‍ സ്റ്റീല്‍ ഫാക്ടറിയില്‍നിന്ന് പരിക്കേറ്റ സൈനികരെ പുറത്തെത്തിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ ഇതവരെ വിജയിച്ചിട്ടില്ല. ഫാക്ടറിക്കകത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തങ്ങള്‍ കീഴടങ്ങില്ലെന്ന് സൈനികര്‍ ആവര്‍ത്തിച്ചു. ആഴ്ചകളായി ഈ പ്രദേശം റഷ്യന്‍ സൈന്യം ഉപരോധിച്ചിരിക്കയാണ്. ഖാര്‍കീവ് പട്ടണത്തിനു സമീപം പ്രതിരോധം തുടരുന്ന ഉക്രൈന്‍ സൈന്യം അഞ്ച് ഗ്രാമങ്ങള്‍ തിരിച്ചുപിടിച്ചതായി അവകാശപ്പെട്ടു.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, യു.കെ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവരുള്‍പ്പെടെ ജി-7 നേതാക്കളുമായി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കി വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടത്തി.
യു.എസ് പ്രഥമ വനിത ജില്‍ ബൈഡനും കേനഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഇന്നലെ ഉക്രൈനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി.
റുമേനിയ, സ്ലൊവാക്യ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കിടെയാണ് ജില്‍ ബൈഡന്‍ അതിര്‍ത്തി പട്ടണമായ ഉസ്‌ഹോറോഡിലെ ഒരു സ്‌കൂളിലെത്തിയത്. ഇവിടെ ഉക്രൈന്‍ പ്രഥമ വനിത ഒലീന സെലെന്‍സ്‌കിയുമായി ചര്‍ച്ച നടത്തി.
അമേരിക്കയിലെ ജനങ്ങള്‍ ഉക്രൈന്‍ ജനതക്കൊപ്പമാണെന്ന് കാണിക്കാനാണ് താന്‍ വന്നതെന്ന് യു.എസ് പ്രഥമ വനിത പറഞ്ഞു. ഉക്രൈനില്‍ നടത്തിയ സന്ദര്‍ശനം ധീരമായ പ്രവൃത്തിയാണെന്ന് ഒലീന സെലെന്‍സ്‌കി പ്രകീര്‍ത്തിച്ചു.
മാതൃദിനത്തിലെ സന്ദര്‍ശനം വളരെ പ്രതീകാത്മകമാണെന്നും പ്രധാന ദിവസത്തില്‍ നടത്തിയ സന്ദര്‍ശനത്തിലൂടെ സ്‌നേഹവും പിന്തുണയും അനുഭവപ്പെടുന്നുവെന്നും അവര്‍ ജില്‍ ബൈഡനോട് പറഞ്ഞു.
ഫെബ്രുവരി 24 ന് റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനു ശേഷം ഒലീന സെലെന്‍സ്‌കി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇരുവരും സ്‌കൂളില്‍ താമസിക്കുന്ന ഡസന്‍ കണക്കിന് കുട്ടികളോടൊപ്പം സമയം ചെലവഴിച്ചു.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉക്രേനിയന്‍ പട്ടണമായ ഇര്‍പിനിലാണ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. ആക്രമണത്തിന്റെ തുടക്കത്തില്‍ കനത്ത ബോംബാക്രമണം നടന്ന സ്ഥലമാണിത്.
റഷ്യന്‍ അധിനിവേശക്കാര്‍ പട്ടണത്തില്‍ വരുത്തിയ എല്ലാ ഭീകരതകളും നേരിട്ടു കാണാനാണ് ട്രൂഡോ വന്നതെന്ന് ടെലിഗ്രാമില്‍ നല്‍കിയ പ്രസ്താവനയില്‍ പ്രാദേശിക മേയര്‍ ഒലെക്‌സാണ്ടര്‍ മാര്‍കുഷിന്‍ പറഞ്ഞു.
1949 ല്‍ നാറ്റോക്ക് രൂപം നല്‍കിയ 12 സ്ഥാപക അംഗ രാഷ്ട്രമാണ് കാനഡ. ഉക്രൈനെ പിന്തുണക്കുന്നതിനായി ഈ വര്‍ഷം ആദ്യം മുതല്‍ 118 മില്യണ്‍ ഡോളറിന്റെ സൈനിക സാമഗ്രികള്‍ നല്‍കിയിരുന്നു.