Sorry, you need to enable JavaScript to visit this website.

കൊല്ലത്ത് അരിക്ഷാമം രൂക്ഷം; ആന്ധ്രയിൽനിന്നും അരി വരവ് നിലച്ചു

കൊല്ലം -സംസ്ഥാനത്ത് കൊല്ലം ഉൾപ്പെട്ട തെക്കൻ കേരളത്തിൽ അരിക്ഷാമം രൂക്ഷമായി. ആന്ധ്രയിൽ നിന്നുള്ള അരി വരവിൽ കുറവ് വന്നതോടെയാണ് പ്രതി സന്ധി രൂക്ഷമാകുന്നത്. ഇതോടെ സ്റ്റോക്കുള്ള അരിക്ക് വില ഉയർത്തുകയാണ് ചില്ലറ വിൽപ്പനക്കാർ. കൂടുതൽ ആവശ്യക്കാരുള്ള മിക്ക ബ്രാന്റുകൾക്കും വലിയ ക്ഷാമമാണ് നേരിടുന്നത്. വിളവെടുപ്പ് വൈകിയതും വൈദ്യുതി ക്ഷാമവുമാണ് ആന്ധ്രയിൽ നിന്നുള്ള അരി വരവ് കുറയാൻ കാരണമായത്. തെക്കൻ ജില്ലകളിൽ കൂടുതലായി ഉപയോഗിക്കുന്ന ജയ അരിക്കാണ് കൂടുതലായും ക്ഷാമം നേരിടുന്നത്. പ്രധാന ബ്രാൻറുകളായ സെവൻ സ്റ്റാർ, മിസ്റ്റർ വൈറ്റ്,ഫൈവ് സ്റ്റാർ ബ്രാൻറുകൾ കിട്ടാനില്ല. മൊത്തവ്യാപാര സ്ഥാപനങ്ങളിൽ വിരലിൽ എണ്ണാവുന്ന അരിച്ചാക്കുകൾ മാത്രമാണുള്ളത്. ആന്ധ്രയിൽ നിന്ന് ദിനം പ്രതി ടൺ കണക്കിന് ലോഡ് കൊല്ലത്ത് എത്തിച്ച ശേഷമാണ് മറ്റിടങ്ങളിലേക്ക് പോകുന്നത്. എന്നാൽ ഇത് ഇപ്പോൾ പൂർണമായും നിലച്ചു.വിളവെടുപ്പ് വൈകിയതും, പവർകട്ടുമാണ് ആന്ധ്രയിൽ നിന്നുള്ള അരി വരവ് നിലക്കാനുള്ള കാരണമെന്ന് മൊത്ത കച്ചവടക്കാർ പറയുന്നു.  ക്ഷാമം മുതലെടുത്ത് കിലോയ്ക്ക് അഞ്ച് മുതൽ പത്ത് രൂപ വരെ നിലവിൽ സ്‌റ്റോക്കുള്ള അരിക്ക് വില കൂട്ടിയിട്ടുമുണ്ട്. അരി വരവിൽ സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ ക്ഷാമം രൂക്ഷമാകാനാണ് സാധ്യത.

Latest News