ന്യൂദൽഹി- ഭിന്നശേഷിയുള്ള കുട്ടിയെ കുടുംബത്തിനൊപ്പം വിമാനത്തിൽ കയറ്റാതെ ഇൻഡിഗോ എയർലൈൻ. ശനിയാഴ്ച റാഞ്ചി വിമാനതാവളത്തിലാണ് സംഭവം. മറ്റു യാത്രക്കാരുടെ സുരക്ഷയ്ക്ക് കുട്ടി ഭീഷണിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് എയർലൈൻസ് അധികൃതർ യാത്ര നിഷേധിച്ചത്. കുട്ടി പരിഭ്രാന്തനായിരുന്നുവെന്നും അവനെ ശാന്തമാക്കാൻ ഏറെ ശ്രമിച്ചുവെന്നും ഇതിന് സാധിക്കാത്തതിനാലാണ് യാത്ര അനുവദിക്കാതിരുന്നതെന്നും എയർലൈൻ അധികൃതർ പറഞ്ഞു. കുട്ടിക്കും കുടുംബത്തിനും ഹോട്ടലിൽ താമസം ഒരുക്കി അടുത്ത ദിവസം ലക്ഷ്യസ്ഥാനത്ത് എത്തിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.
വിമാനത്തിലെ മറ്റു യാത്രക്കാർ കുട്ടി സാധാരണ നിലയിലാണെന്നും യാത്ര അനുവദിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും അധികൃതർ യാത്ര അനുവദിച്ചില്ലെന്ന് പരാതി ഉയർന്നു. പരിഭ്രാന്തിയിലുള്ള ഒരേയൊരു വ്യക്തി നിങ്ങളാണെന്ന് എയർലൈൻ മാനേജരോട് ഒരു സഹയാത്രിക പറഞ്ഞുവെന്നും ഒരാൾ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
അതേ വിമാനത്തിൽ യാത്ര ചെയ്യുന്ന ഒരു കൂട്ടം ഡോക്ടർമാർ, കുട്ടിക്ക് ആകാശത്തുവെച്ച് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ കുട്ടിക്കും അവന്റെ മാതാപിതാക്കൾക്കും പൂർണ്ണ പിന്തുണ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. 45 മിനിറ്റോളം വൈകിയാണ് വിമാനം യാത്ര തുടർന്നത്.