കൊച്ചി- തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി വിഷയത്തില്‍ സി.പി.എം- കോണ്‍ഗ്രസ് വാക്പോര് മുറുകുന്നു. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് മന്ത്രി പി. രാജീവിനോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സഭയുടെ സ്ഥാപനത്തെ ദുരുപയോഗം ചെയ്തത് രാജീവാണ്. യു.ഡി.എഫിന്റെ അശ്വമേധമാണ് തൃക്കാക്കരയില്‍ നടക്കുന്നത്. പിടിച്ചുകെട്ടാമെങ്കില്‍ കെട്ടിക്കോ എന്നും സതീശന്‍ പറഞ്ഞു.
ഞാന്‍ ഇവിടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് എന്താണ് ഇത്ര പ്രയാസവും പേടിയും- സതീശന്‍ ആരാഞ്ഞു. ഇത് എന്റെ അശ്വമേധമല്ല. യു.ഡി.എഫിന്റെ അശ്വമേധമാണ്. ഞങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്ന കുതിരയെ പിടിച്ചുകെട്ടാന്‍ പറ്റുമെങ്കില്‍ കെട്ടിക്കോ എന്നാണ് രാജീവിനോടു പറയാനുള്ളത്. സഭയെ അനാവശ്യമായി വലിച്ചിഴച്ചു. സഭയുടെ സ്ഥാനാര്‍ഥിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ വെളുക്കാന്‍ തേച്ചത് പാണ്ടായി. സതീശന്‍ പറഞ്ഞു.
നേരത്തെ, താന്‍ മാത്രമാണ് കോണ്‍ഗ്രസിലെ നേതാവ് എന്ന് തെളിയിക്കാനാണ് വി.ഡി. സതീശന്റെ ശ്രമം എന്ന് പി. രാജീവ് പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ അശ്വമേധമാണിത്. കോണ്‍ഗ്രസില്‍ താന്‍ മാത്രമാണ് അവസാനവാക്ക്, താന്‍ പറയുന്നതാണ് പൂര്‍ണമായും കോണ്‍ഗ്രസ് എന്ന് സ്ഥാപിക്കാനുള്ള ഒരു തിരഞ്ഞെടുപ്പു മാത്രമായിട്ടാണ് അദ്ദേഹം ഇതിനെ കാണുന്നത് എന്നു തോന്നുന്നെന്നും രാജീവ് പ്രതികരിച്ചിരുന്നു.