ന്യൂദല്‍ഹി- ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക വിലവര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി. ഇന്നത്തെ വിലയ്ക്ക് യു.പി.എ കാലത്ത് രണ്ട് സിലിണ്ടര്‍ കിട്ടുമായിരുന്നുവെന്നും കണക്കുകള്‍ നിരത്തിയുള്ള ട്വീറ്റില്‍ രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി.
2014- ല്‍ 410 രൂപയായിരുന്നു വില, 827 രൂപ സബ്സിഡിയും കൊടുത്തു. 2022 ആവുമ്പോഴേക്കും സബ്സിഡിയില്ലാതെ 1000 രൂപയിലധികം കൊടുക്കേണ്ട ഗതികേടിലായെന്നും രാഹുല്‍ഗാന്ധി ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് സര്‍ക്കാര്‍ മാത്രമാണ് രാജ്യത്തെ പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചത് എന്നതിന്റെ തെളിവാണ് പാചക വാതകത്തിന്റെ വില വ്യത്യാസം. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളുടെ ലക്ഷ്യവും ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് പാചകവാതകത്തിന് 50 രൂപ വര്‍ധിച്ചത്. വെറും ആറാഴ്ച കൊണ്ടാണ് ഈ വര്‍ഷത്തെ രണ്ടാമത്തെ വിലവര്‍ധനവുണ്ടായിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ശനിയാഴ്ചത്തെ വര്‍ധനവിന് ശേഷം ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അമിത വിലക്കയറ്റം, തൊഴിലില്ലായ്മ, മോശമായ ഭരണം എന്നിവക്കെതിരേ ശക്തമായ പോരാട്ടം നടത്തുകയാണ്. മുംബൈയില്‍ 995.50 രൂപയാണ് 14.2 കിലോ പാചകവാതക സിലിണ്ടറിന്റെ വില. ചെന്നൈയില്‍ 1015.50 രൂപയും കൊല്‍ക്കത്തയില്‍ 1026 രൂപയുമായെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി.