ഔറംഗാബാദ്- രാമനവമി ആഘോഷത്തോടനുബന്ധിച്ച് ബിജെപിയും സംഘപരിവാര്‍ സംഘടനകളും ഔറംഗാബാദില്‍ അഴിച്ചുവിട്ട വര്‍ഗീയ കാലപവുമായി ബന്ധപ്പെട്ട് പിടിയിലായ ബിജെപി പ്രവര്‍ത്തകനും ഹിന്ദു സേവാ സമിതി നേതാവുമായ അനില്‍ സിങ് എന്ന പ്രതി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ പോലീസിനെ വെട്ടിച്ച് കസറ്റഡിയില്‍ നിന്ന് മുങ്ങി. നാലു ദിവസം മുമ്പ് ഇവിടെ ഉണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 148 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇ കേസില്‍ മുഖ്യപ്രതികളില്‍ ഓരാളാണ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട അനില്‍ സിങ്.
ഇയാള്‍ രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയ പോലീസുകാരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് ഔറംഗാബാദ് ജില്ലാ പോലീസ് മേധാവി സത്യ പ്രകാശ് അറിയിച്ചു. 49-കാരനായ അനില്‍ സിങ് ഹിന്ദു സേവാ സമിതി സംഘടിപ്പിച്ച രാമനവമി ജാഥയുടെ മുഖ്യ സംഘാടകരില്‍ ഒരാളാണ്. 2016-ല്‍ വര്‍ഗീയ കലാപമുണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. മുന്‍ എബിവിപി പ്രവര്‍ത്തകനായ ഇയാള്‍ സജീവമായി ബിജെപി നേതാക്കള്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്നുണ്ട്.
ഔറംഗാബാദ് കലാപവുമായി ബന്ധപ്പെട്ട് ഇയാളെ കൂടാതെ ബിജെപി ജില്ലാ വക്താവ് ഉജ്വല്‍ കുമാര്‍, എബിവിപി നേതാവ് ദീപക് കുമാര്‍ എന്നിവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.