ചെന്നൈ- തമിഴ്നാട്ടില്‍ അധികാരത്തിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ജനങ്ങളോടൊപ്പം ബസില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ജനങ്ങളോട് വിശേഷങ്ങളും വിവരങ്ങളും ആരാഞ്ഞു. ചെന്നൈയിലെ രാധാകൃഷ്ണന്‍ ശാലൈ റോഡിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര അനുവദിച്ചതുമായി ബന്ധപ്പെട്ട് യാത്രക്കാരുമായി മുഖ്യമന്ത്രി സംസാരിച്ചു.
എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം സൗജന്യമായി നല്‍കുന്നതുള്‍പ്പെടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി പ്രഖ്യാപനങ്ങളാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
ഡി.എം.കെ സ്ഥാപകന്‍ സി.എന്‍. അണ്ണാദുരൈ, മുന്‍ മുഖ്യമന്ത്രിയും പിതാവുമായ എം.കരുണാനിധി എന്നിവരുടെ ശവകുടീരവും സന്ദര്‍ശിച്ചു. ബസുകളില്‍ 5 വയസ്സുവരെ കുട്ടികള്‍ക്ക് സൗജന്യയാത്ര ചെയ്യാമെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഇതുവരെ മൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് സൗജന്യയാത്ര അനുവദിച്ചിരുന്നത്. മൂന്ന് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് അരടിക്കറ്റും നല്‍കിയിരുന്നു. ഇനി അഞ്ചു വയസ് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ അരടിക്കറ്റ് മതിയാകും. പ്രതിദിനം കുറഞ്ഞത് മൂന്ന് ലക്ഷം കുട്ടികള്‍ക്കെങ്കിലും പുതിയ തീരുമാനം പ്രയോജനം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
നേരത്തെ സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍, മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ പ്രധാന വാഗ്ദാനമായിരുന്നു സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. ഈ ഇനത്തില്‍ പ്രതിവര്‍ഷം 2500 കോടി രൂപയാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്നത്.