Sorry, you need to enable JavaScript to visit this website.

വിമാനത്തിന്റെ നാലു ടയറുകളും പൊട്ടി;  77 യാത്രക്കാരും സുരക്ഷിതര്‍

ഹൈദരാബാദ്- ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍നിന്ന് ഹൈദരാബാദിലെത്തിയ ഇന്‍ഡിഗോ വിമാനം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ നാലു പ്രധാന ടയറുകളും പൊട്ടി. മുന്നോട്ടു നീങ്ങാനാകാത്ത വിധം പൂര്‍ണമായും ടയറുകള്‍ തകര്‍ന്ന വിമാനത്തിലെ 77 യാത്രക്കാരേയും സുരക്ഷിതരായി പുറത്തിറക്കിയെന്ന് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ദുരന്തം വഴിമാറിയെങ്കിലും റെണ്‍വേ മണിക്കുറുകളോളം അടച്ചിടേണ്ടി വന്നത് 31 സര്‍വീസുകളെ ബാധിച്ചു. രണ്ടായിരത്തിലേറെ യാത്രക്കാര്‍ ജിഎംആര്‍ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി. 
ലാന്‍ഡിങ്ങിനിടെ ഒരു ടയര്‍ മാത്രമാണ് പൊട്ടിയതെന്നാണ് ഇന്‍ഡിഗോ വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ നാലു ഗിയര്‍ ചക്രങ്ങളും പൊട്ടിയതായി വിമാനത്താവള അധികൃതര്‍ സ്ഥിരീകരിച്ചു. വിമാനം ചലിപ്പിക്കാനാവാത്ത അവസ്ഥയിലായിരുന്നു. ഇന്‍ഡിഗോ എന്‍ജിനീയര്‍മാരും വിമാനത്താവള അധികൃതരും ചേര്‍ന്ന് ടയറുകള്‍ മാറ്റിയിട്ട ശേഷമാണ റണ്‍വേയില്‍ കുടുങ്ങിക്കിടന്ന വിമാനത്തെ പാര്‍ക്കിങ് ബേയിലേക്ക് മാറ്റിയതെന്ന് വിമാനത്താവള വക്താവ് പറഞ്ഞു. വിമാനം നീക്കാനുപയോഗിച്ച ഇന്‍ഡിഗോയുടെ സംവിധാനവും പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് ബദല്‍ സംവിധാമുണ്ടാക്കിയാണ് വിമാനം റണ്‍വേയില്‍നിന്ന് നീക്കിയത്.

വിമാനത്തിന്റെ ഇരു വശങ്ങളിലേയും (പോര്‍ട്ട്, സ്റ്റാര്‍ബോര്‍ഡ്) നാലു പ്രധാന ലാന്‍ഡിങ് വീലുകള്‍ പൊട്ടിത്തെറിക്കുന്നത് വന്‍ ദുരന്തത്തിന് കാരണമാകുമായിരുന്നു. ഇങ്ങനെ സംഭവിച്ചാല്‍ വിമാനം റണ്‍വേയിലേക്ക് പതിച്ച്  നിരങ്ങുമായിരുന്നു. ഇത് അപൂര്‍വ അപകടമാണ്- അപകടത്തെ കുറിച്ച് അറിയുന്ന ഒരു സ്വകാര്യ വിമാനക്കമ്പനി ഉദ്യോഗസ്ഥന്‍ പറഞ്ഞു. 


 

Latest News