കോഴിേേക്കാട്- വെള്ളിയാഴ്ച രാത്രി കോഴിക്കോട് നല്‍കിയ സ്വീകരണത്തില്‍ അബ്ദുല്ലക്കുട്ടി നടത്തിയ പ്രസംഗമാണ് ചര്‍ച്ചയായിരിക്കുന്നത്. അബ്ദുല്ലക്കുട്ടിയുടെ പ്രസംഗം സോഷ്യല്‍ മീഡിയിയല്‍ ട്രോളന്‍മാര്‍ ഏറ്റെടുത്തുകഴിഞ്ഞു. നരേന്ദ്ര മോഡിയുടെ ഇടപെടലിന്റെ ഫലമായി ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ സാധിച്ചു എന്ന് അബ്ദുല്ലക്കുട്ടി പ്രസംഗിച്ചു. കോഴിക്കോട് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ നരേന്ദ്ര മോഡി മുസ്‌ലിം സമുദായത്തിന് നല്‍കിയ സംഭാവനകള്‍ സൂചിപ്പിക്കുകയായിരുന്നു അബ്ദുല്ലക്കുട്ടി. ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാന്‍ മോഡി യുഎഇ ഷെയ്ഖിനെ വിളിച്ച് എല്ലാം ശരിയാക്കി എന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. മുസ്‌ലിം സമുദായത്തിന് വേണ്ടി ഹജ്ജ് വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിയ വ്യക്തിയാണ് മോഡി. 2019ലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്ന് ഹജ്ജിന് പോയത്. സൗദി സര്‍ക്കാര്‍ അന്ന് 1.90 ലക്ഷം പേര്‍ക്ക് ഹജ്ജ് ചെയ്യാനാണ് അനുമതി നല്‍കിയത്. എന്നാല്‍ മോഡി ഇടപെട്ടു. അദ്ദേഹം യുഎഇ ഷെയ്ഖിനെ വിളിച്ച് ഇത്രയും പോര, കൂടുതല്‍ പേര്‍ക്ക് അവസരം വേണമെന്ന് ആവശ്യപ്പെട്ടു... നരേന്ദ്ര മോഡിയുടെ ഇടപെടലിനെ തുടര്‍ന്ന് 10000 പേര്‍ക്ക് കൂടി അവസരം ലഭിച്ചു. അധികമായി കിട്ടിയ സീറ്റുകള്‍ സ്വകാര്യ വിമാനങ്ങള്‍ക്ക് നല്‍കിയില്ല. സര്‍ക്കാര്‍ ക്വാട്ടയില്‍ ഉള്‍പ്പെടുത്താന്‍ ആലോചിച്ചു. പക്ഷേ, വിമാനങ്ങള്‍ ഇല്ലായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുകയ്ക്ക് ഹാജിമാരെ കൊണ്ടുപോകാന്‍ ഏജന്‍സികളോട് നിര്‍ദേശിച്ചു. അങ്ങനെ സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍ സാധാരണക്കാര്‍ക്ക് ഹജ്ജിന് അവസരം ഒരുക്കിയ മഹാനായ നേതാവാണ് മോഡി. മഹാനായ മോഡി ചെയ്ത കാര്യങ്ങള്‍ നല്ല മുസ്ലിങ്ങള്‍ തിരിച്ചറിയണം. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഹജ്ജിന് പോകാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. മോഡി ഇടപെട്ടു. സൗദി സര്‍ക്കാരിനോടും മുസ്‌ലിം പണ്ഡിതന്‍മാരും വിഷയം ചര്‍ച്ച ചെയ്തു. മെഹ്‌റമില്ലാതെയും സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാമെന്ന് സൗദി തീരുമാനമെടുത്തുവെന്നും അബ്ദുല്ലക്കുട്ടി പറയുന്നു. അബ്ദുല്ലക്കുട്ടി നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഇടയാക്കി. സൗദിയില്‍ നടക്കുന്ന ഹജ്ജിന് കൂടുതല്‍ അവസരം ലഭിക്കാന്‍ എന്തിനാണ് യുഎഇ ഷെയ്ഖിനെ വിളിച്ചത് എന്നാണ് ചിലരുടെ ചോദ്യം. ഹജ്ജ് കമ്മിറ്റി ചെയര്‍മാന് ഹജ്ജ് എവിടെയാണ് നടക്കുന്നത് എന്നറിയില്ലേ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.