Sorry, you need to enable JavaScript to visit this website.

പുതിയ പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് മെച്ചമാകും; എങ്ങനെ?

ന്യൂദല്‍ഹി- വീണ്ടും നടത്തുന്ന രണ്ട് പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് നേട്ടമാകുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ് സിബിഎസ് ചെയര്‍പെഴ്‌സണ്‍ അനിതാ കര്‍വാള്‍. പത്താം ക്ലാസിലെ കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ് പരീക്ഷയും റദ്ദാക്കിയതിനെ തുടര്‍ന്ന് വലഞ്ഞിരിക്കുന്ന ലക്ഷക്കണക്കിനു വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ആശ്വസിപ്പിച്ചുകൊണ്ടാണ് സിബിഎസ്ഇ മേധാവിയുടെ വാക്കുകകള്‍. വിദ്യാര്‍ഥികളുടെ ക്ഷേമമാണ് ബോര്‍ഡിന് പ്രധാനമെന്നും അവര്‍ക്ക് അനുകുലമായിട്ടായിരിക്കും പുതിയ പരീക്ഷകള്‍ നടത്തുന്നതെന്നുമാണ് അവര്‍ പറഞ്ഞിരിക്കുന്നത്. ഉടന്‍ തന്നെ പുതിയ തീയതികള്‍ പ്രഖ്യാപിക്കുമെന്നും ബോര്‍ഡ് മേധാവി പറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പരീക്ഷാ തീയതി അറിയാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കറും ഇക്കാര്യം സൂചിപ്പിട്ടുണ്ട്. പുതുതായി നടത്തുന്ന പരീക്ഷകള്‍ എങ്ങനെയാണ് വിദ്യാര്‍ഥികള്‍ക്ക് അനുകൂലമാകുകയെന്ന് സിബിഎസ്ഇ മേധാവി വെളിപ്പെടുത്തിയിട്ടില്ല.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ യഥാര്‍ഥ ഉറവിടം കണ്ടെത്തുന്നതിന് പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം തുടരുകയാണ്. സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളറെ നാല് മണിക്കൂറോളം ദല്‍ഹി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ചോര്‍ന്ന ചോദ്യപേപ്പറുകള്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. ചോദ്യപേപ്പര്‍ 3500 രൂപയ്ക്കാണ് വിറ്റതെന്നും ഇത് 500 പേര്‍ക്ക് മറിച്ചുവിറ്റതായും വിവരം ലഭിച്ചിട്ടുണ്ട്. ചോദ്യപേപ്പറിന് ഒരുക്കിയ സുരക്ഷയെ കുറിച്ചും അവ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചതിനെ കുറിച്ചുമുള്ള വിവരങ്ങളാണ് കണ്‍ട്രോളറില്‍നിന്ന് പോലീസ് ശേഖരിച്ചത്. ചോദ്യപേപ്പര്‍ ചോരുന്നതിന് രണ്ടു ദിവസം മുമ്പ് തന്നെ ഇതുസംബന്ധിച്ച പരാതി സിബിഎസ്ഇ അധികൃതര്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് പോലീസ് ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത്.  

Latest News