Sorry, you need to enable JavaScript to visit this website.

രേഷ്മ ടീച്ചറിലൂടെ പാഠം പഠിച്ചു; പിണറായിയിൽ ഇനി പഴുതടച്ച സുരക്ഷ

തലശ്ശേരി -പിണറായിയിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയം  രാഷട്രീയ പ്രതിയോഗികൾ ചർച്ചയാക്കിയതോടെ മുഖ്യമന്ത്രിയുടെ വീട്ടുപരിസരത്ത്  കർശന സുരക്ഷ ഒരുക്കി. പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ  അഞ്ച് ദിവസം  മുഖ്യമന്ത്രിയുടെ വീട്ടിന് വിളിപ്പുറത്ത്  ഒളിവിൽ താമസിച്ചത് സംസ്ഥാന പോലീസിന് തന്നെ നാണക്കേടുണ്ടാക്കിയിരുന്നു. നാടിനെ ഞെട്ടിച്ച അണ്ടലൂരിലെ ശ്രീനന്ദനത്തിൽ രേഷ്മയിൽ നിന്നും പാഠം പഠിച്ച പോലീസ് പിണറായി പാണ്ട്യാല മുക്കിൽ ഒരുക്കുന്നത്  പഴുത് അടച്ച സുരക്ഷയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ പോലിസിന്റെ വിവിധ വിഭാഗങ്ങൾ മുഖ്യമന്ത്രിയുടെ വീടിന് 200 മീറ്റർ ചുറ്റളവിൽ അരിച്ചുപെറുക്കുകയായിരുന്നു. ഈ ഭാഗത്തുള്ള അടച്ചിട്ട വീടുകൾ ഉടമകളെ വിളിച്ചു വരുത്തി തുറപ്പിച്ചു ഉള്ളിലുള്ളതെല്ലാം പരിശോധിപ്പിച്ചു.വാടക വീടുകളുടെ എണ്ണമെടുത്ത് അവിടത്തെ താമസക്കാരുടെ മേൽവിലാസങ്ങൾ ശേഖരിച്ചു. ഇവ പിന്നീട് അതാതിടത്തെ ലോക്കൽ പോലീസിന് കൈമാറി .അവരുടെ ജീവിത പശ്ചാത്തലവും രാഷ്ടിയബന്ധങ്ങളും മനസിലാക്കി. പിണറായുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പാണ്ട്യാല മുക്കിലെ മുഖ്യ മന്ത്രി യുടെ വീട്ടുപരിസരത്തേക്ക് എത്തിപ്പെടാനുള്ള ഊട് വഴികളിലൂടെ വേഷം മാറി നടന്ന് ഇത്തരം സഞ്ചാരമാർഗ്ഗങ്ങളുടെ റൂട്ട് മാപ്പ് തയ്യാറാക്കി.  പ്രധാന വഴികളിലെല്ലാം പ്രത്യേകമായി സി.സി.ടി.വി.ക്യാമറകൾ സ്ഥാപിക്കുന്നുണ്ട്.ഇതിന്റെ സ്ഥാനങ്ങളും നിർണ്ണയിച്ചു കഴിഞ്ഞു. 
സുരക്ഷാ സന്നാഹങ്ങൾ ഓരോന്നായി ഏർപ്പെടുത്തുന്നതിന്റെ റിഹേഴ്‌സലുകളും പൂർത്തിയായതോടെ ഡി.ഐ.ജി.രാഹുൽ ആർ.നായർ, സിററി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ, അഡീഷണൽ കമ്മിഷണർ പി.പി.സദാനന്ദൻ തുടങ്ങിയ ഉന്നത പോലിസ് ഉദ്യോഗസ്ഥർ പിണറായി പാണ്ട്യാല മുക്കിലെത്തി സുരക്ഷാ ക്രമീകരണങ്ങളെ പറ്റി അന്തിമ വിലയിരുത്തൽ നടത്തി. എല്ലാ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞാൽ ഇവിടെ സായുധ പോലീസിനെ വിന്യസിക്കാനാണ് തീരുമാനം. സി.പി.എമ്മിന്റെ ഉരുക്കു കോട്ടയെന്ന്  വീറോടെ പറയുന്ന  പിണറായിലെ പാണ്ട്യാല മുക്കിൽ സി.പി.എം പ്രവർത്തകനെ തന്നെ കൊലപ്പെടുത്തിയ ആർ.എസ്.എസ് പ്രവർത്തകന് ഒളിത്താവളമൊരുക്കിയതാണ് മുഖ്യമന്ത്രിക്ക് തന്നെ നാണക്കേടുണ്ടാക്കിയത.്
സി.പി.എമ്മിന്റെ സജീവ പ്രവർത്തകനായ മയിൽപ്പീലി വീട്ടിൽ പ്രശാന്തിന്റെ  വാടക വീട്ടിൽ നിന്നുമാണ് ഇക്കഴിഞ്ഞ ദിവസം പുലർച്ചെ ആർ.എസ്.എസ്. ഖണ്ഡ് കാര്യവാഹക്  പുന്നോൽ ചെള്ളത്ത് മഠപ്പുരക്കടുത്ത പാറക്കണ്ടി നിജിൽ ദാസിനെ പോലീസ്  കസ്റ്റഡിയിലെടുത്തത.്  ഈ സംഭവത്തിന് പിന്നാലെ  പ്രസ്തുത വീടിന് നേരെ ബോംബേറും അക്രമവും നടന്നു. സൗദിയിൽ ജോലി നോക്കുന്ന പ്രശാന്തിന്റെ ഭാര്യ പുന്നോൽ അമൃത സ്‌കൂൾ അധ്യാപികയായ അണ്ടലൂരിലെ രേഷ്മാ പ്രശാന്താണ് പ്രതിക്ക് ഒളിവിൽ കഴിയാൻ വീട് നൽകിയിരുന്നത.്  കൊലക്കേസ് പ്രതിയെന്നറിഞ്ഞു കൊണ്ടുതന്നെയാണ് നിജിൽദാസിന് രേഷ്മ ഇവിടെ താമസസൗകര്യം നൽകിയതെന്നാണ് പോലീസ് കോടതിക്ക് നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത.്  ഇതേ തുടർന്ന് ഹരിദാസൻ കൊലക്കേസിൽ 15-ാം പ്രതിയായി രേഷ്മയെ ഉൾപെടുത്തിയിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട രേഷ്മ ഒരു ദിവസത്തെ റിമാൻഡിന് ശേഷം പിനന്നീട് ജാമ്യത്തിറങ്ങി. സി.പി.എമ്മിന്റെ സഹയാമില്ലാതെ പിണറായി പോലുള്ള സ്ഥലത്ത് കൊലക്കേസ് പ്രതിക്ക് ഒളിവിൽ കഴിയാൻ സാധിക്കില്ലെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. ഇതിൽ നിന്ന് മുഖം രക്ഷിക്കാനാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ വസതിക്ക് പഴുതടച്ച സുരക്ഷ ഒരുക്കുന്നത്. 

Latest News