കൊല്‍ക്കത്ത- രാമനവമി ആഘോഷത്തിന്റെ പേരില്‍ പശ്ചിമ ബംഗാളില്‍ സംഘ്പരിവാറും ബിജെപിയും വ്യാപക അക്രമം അഴിച്ചുവിട്ട അസന്‍സോളില്‍ പള്ളി ഇമാം മൗലാന ഇംദാദുല്‍ റാശിദിയുടെ 16-വയസ്സായ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ചൊവ്വാഴ്ചയാണ് ഇമാമിന്റെ മകന്‍ സിബ്തുല്ല റാശിദിയെ കാണാതായത്. പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്ന സിബ്തുല്ലയ്ക്കു വേണ്ടി തിരച്ചില്‍ നടത്തി വരുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മകന്റെ പേരില്‍ പ്രതികാരം ചെയ്യുന്നതിനെതിരെ മാതൃകാപരമായ നിലപാടുമായി രംഗത്തുവന്നിരിക്കാണ് ഇമാം. കലുഷിതമായ സാഹചര്യത്തില്‍ സമാധാനം കാത്തു സൂക്ഷിക്കണമെന്നും മകനെ കൊന്നവരോട് പ്രതികാരം ചെയ്യരുതെന്നും അങ്ങനെ ചെയ്താല്‍ ഈ പള്ളിയും നാടും ഉപേക്ഷിച്ചു പോകുമെന്നും സിബ്തുല്ലയുടെ ഖബറടക്ക ചടങ്ങിന് ഒത്തു ചേര്‍ന്ന ആയിരങ്ങളോടായി മൗലാന ഇംദാദ് പറഞ്ഞു. അസന്‍സോളിലെ ഈദ് ഗാഹ് മൈതാനത്ത് ആയിരക്കണിക്കനാളുകളാണ് സിബ്തുല്ലയുടെ ഖബടക്ക ചടങ്ങിലും പ്രാര്‍ത്ഥനയിലും പങ്കെടുത്തത്.
ചടങ്ങിനു ശേഷം അവിടെ കൂടിയവരെ മൗലാന ഇംദാദുല്‍ അഭിസംബോധന ചെയ്തു. സമാധാനാമാണ് ഞാനാഗ്രഹിക്കുന്നത്. എന്റെ മകന്‍ എന്നില്‍ നിന്നും മാറ്റപ്പെട്ടു. ഇനിയും കൂടുതല്‍ കുടുംബങ്ങള്‍ക്ക് അവരുടെ ഉറ്റവരെ നഷ്ടമാകരുത്. ഏതെങ്കിലും തരത്തിലുള്ള പ്രതികാര നീക്കം നമ്മുടെ ഭാഗത്തു നിന്നുണ്ടായാല്‍ ഞാന്‍ ഈ പള്ളിയും നാടും ഉപേക്ഷിച്ചു പോകും. എന്നെ സ്നേഹിക്കുന്നവരാണെങ്കില്‍ ഒരു ചെറുവിരല്‍ പോലും അനക്കരുത്- നൂറാനി മസ്ജിദ് ഇമാമായ മൗലാനാ ഇംദാദ് പറഞ്ഞു.
30 വര്‍ഷത്തോളമായി ഇംദാദ് ഈ പളളിയില്‍ ഇമാമായി ജോലി ചെയ്യുന്നു. ജനങ്ങള്‍ക്ക് ശരിയായ സന്ദേശം, സമാധാനത്തിന്റെ സന്ദേശം നല്‍കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എന്റെ വ്യക്തിപരമായ നഷ്ടത്തെ ഞാന്‍ തരണം ചെയ്യണം. ഇതൊരിക്കലും അസന്‍സോളിലെ ആളുകള്‍ ചെയ്തതല്ല. ഇതിനു പിന്നീല്‍ ഗൂഢാലോചനയുണ്ട്്- ഇമാം പറഞ്ഞു.
രാമനവമി ആഘോഷത്തിന്റെ ഭാഗമായി ബിജെപി ഇളക്കിവിട്ട പ്രശനങ്ങള്‍ക്കിടെയാണ് ഒരു സംഘം സിബ്തുല്ലയെ പിടിച്ചു കൊണ്ടു പോയത്. മൂത്ത മകന്‍ ഉടന്‍ പോലീസില്‍ വിവരമറിയിച്ചിരുന്നു. എന്നാല്‍ കാത്തു നില്‍ക്കാനാണ് പോലീസ് പറഞ്ഞത്. പിന്നീട് ഒരു മൃതദേഹം കണ്ടെത്തിയ വിവരം പോലീസ് അറിയിച്ചു. അതു സിബ്തുല്ലയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു- മൗലാന ഇംദാദ് പറഞ്ഞു.