കോട്ടയം- കോട്ടയത്ത് കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിനു ജോസ് സര്‍ക്കാരിന്റെ ബ്ലാക് ലിസ്റ്റിലുള്ള ഉദ്യോഗസ്ഥയെന്ന് വിജിലന്‍സ്. പാമ്പാടി ജനസേചന പദ്ധതിയുമായി ബന്ധപ്പെട്ട് തോട് നവീകരണ ഫണ്ടിലെ അപാകതകള്‍ വിജിലന്‍സ് ഫെബ്രുവരിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
മിനി സിവില്‍ സ്റ്റേഷനിലെ ചെറുകിട ജലസേചന വിഭാഗം ഓഫിസില്‍ കരാറുകാരനില്‍നിന്നു 10,000 രൂപ വാങ്ങി കംപ്യൂട്ടര്‍ കീബോര്‍ഡിന്റെ അടിയിലേക്കു വച്ചതിനു പിന്നാലെ വിജിലന്‍സ് സംഘം ബിനുവിനെ പിടികൂടുകയായിരുന്നു.
2015 ല്‍ ചങ്ങനാശ്ശേരിയില്‍ സെക്ഷന്‍ ഓഫീസറായിരിക്കെ സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്തതിന് പെനാള്‍ട്ടി ഓഫ് സെന്‍ഷുവര്‍ എന്ന ശിക്ഷാ നടപടിയും സ്വീകരിച്ചു. കുമളി സെക്ഷന്റെ ചാര്‍ജ് കൂടി ഉണ്ടായിരുന്നതിനാല്‍ ആ ഓഫീസിലെ സ്വീപ്പര്‍ അവധിയില്‍ പോയ കാലത്ത് കൊടുക്കാത്ത ശമ്പളം കൊടുത്തതായി രേഖയുണ്ടാക്കി പണം തട്ടിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.
ബിനു ജോസിനെതിരെ നിരവധി കരാറുകാര്‍ അടക്കം പറയുന്നുണ്ടെങ്കിലും ആരും ഇത് വരെ പരാതിയുമായി എത്തിയിട്ടില്ല. കൂടുതല്‍ പേര്‍ പരാതിയുമായി എത്തും എന്നാണ് ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്.
2 വര്‍ഷം മുന്‍പ് 45 ലക്ഷം രൂപയുടെ ലിഫ്റ്റ് ഇറിഗേഷന്‍ ജോലികള്‍ പരാതിക്കാരന്‍ കരാര്‍ അടിസ്ഥാനത്തില്‍ ചെയ്തിരുന്നു. ഇതിന്റെ ബില്ലുകള്‍ മാറുന്നതിന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നിരന്തരം കൈക്കൂലി ആവശ്യപ്പെട്ടെന്നാണു പരാതി. പല തവണ 10,000 രൂപ വീതം നല്‍കിയെങ്കിലും പിന്നെയും കൈക്കൂലി വാങ്ങുന്നതിനു വേണ്ടി 2 വര്‍ഷമായി ബില്ലുകള്‍ പൂര്‍ണമായി നല്‍കാതെ ബോധപൂര്‍വം വൈകിപ്പിച്ചതായി പരാതിയിലുണ്ട്. കിട്ടാനുള്ള തുകയുടെ 4 ശതമാനത്തോളം കൈക്കൂലിയായി ഇവര്‍ വാങ്ങിയിട്ടുണ്ട്.