ജിദ്ദ -പുതിയ ജിദ്ദ എയർപോർട്ടിൽ യാത്രക്കാരെ ടെർമിനലിൽനിന്ന് ഡിപ്പാർചർ കവാടങ്ങളിലെത്തിക്കാൻ 10 ഓട്ടോമാറ്റഡ് ലൈറ്റ് ട്രെയിനുകളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. 76 പേർക്ക് വീതം കയറാവുന്ന ട്രെയിനുകൾ 46 സെക്കന്റിൽ 750 മീറ്റർ ദൂരം സഞ്ചരിക്കും. ടെർമിനലിൽനിന്ന് ഡിപ്പാർചർ കവാടങ്ങളിൽ എളുപ്പത്തിൽ എത്താൻ ഇതു യാത്രക്കാരെ സഹായിക്കും. 76 പേർക്ക് കയറാവുന്ന ട്രെയിനുകൾ 46 സെക്കന്റിൽ 750 മീറ്റർ ദൂരം സഞ്ചരിക്കും. മെയ് മാസത്തോടെ എയർപോർട്ട് തുറക്കാനാണ് പരിപാടി. തുടക്കത്തിൽ ആഭ്യന്തര സർവീസ് മാത്രമായിരിക്കും. പടിപടിയായി സർവീസുകൾ വർധിപ്പിച്ച് അടുത്ത വർഷാദ്യത്തോടെ പൂർണ സജ്ജമാകും. മൂന്നു ഘട്ടങ്ങളായാണ് പുതിയ ജിദ്ദ എയർപോർട്ട് പദ്ധതി പൂർത്തിയാക്കുന്നത്.
ആദ്യ ഘട്ടത്തിൽ 8,10,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ടെർമിനൽ സമുച്ചയം പൂർത്തിയായിരിക്കുന്നത്. 220 കൗണ്ടറുകൾക്കു പുറമെ, 80 സെൽഫ് സർവീസ് കൗണ്ടറുകളുണ്ടാകും. 27,987 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ബിസിനസ് ഏരിയയും ട്രാൻസിറ്റ് യാത്രക്കാർക്കുള്ള, 120 മുറികൾ അടങ്ങിയ മൂന്നുനില ഹോട്ടലും 81 നമസ്‌കാര സ്ഥലങ്ങളും 34 കിലോമീറ്റർ നീളമുള്ള കൺവെയർ ബെൽറ്റുകളുമാണുണ്ടാവുക.
ഹറമൈൻ റെയിൽവേ സ്റ്റേഷനും 18,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ പച്ചവിരിച്ച സ്ഥലവുമുണ്ടാകും. 8209 കാറുകൾക്ക് വിശാലമായ ബഹുനില പാർക്കിംഗ് കോംപ്ലക്‌സും 749 കാറുകൾക്ക് വിശാലമായ ടാക്‌സി പാർക്കിംഗുമുണ്ട്. വിശാലമായ ബസ് പാർക്കിംഗിൽ 48 ബസുകൾ നിർത്തിയിടാം. റെന്റ് എ കാർ കമ്പനികൾക്ക് 1222 കാറുകൾക്കായുള്ള പാർക്കിംഗും ദീർഘനേരം നിർത്തിയിടുന്നതിന് 4344 കാറുകൾക്ക് വിശാലമായ പാർക്കിംഗും സംവിധാനിച്ചിട്ടുണ്ട്. ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാരുടെ 145 കാറുകൾ പാർക്ക് ചെയ്യാനും വി.ഐ.പികൾക്കായി 119 കാറുകളുടെ പാർക്കിംഗിനും സൗകര്യമുണ്ട്.