ന്യൂദല്‍ഹി - ആഗോള ഇ-കൊമേഴ്സ് ഭീമന്‍മാരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഓണ്‍ലൈന്‍ വ്യാപാരമേഖല രാജ്യത്തെ ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്ക്കൂടി അവസരമൊരുക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച പുതിയ പ്ലാറ്റ്ഫോം പ്രവര്‍ത്തനക്ഷമമായി. ഡിജിറ്റല്‍ വ്യാപാരമേഖലയുടെ നിലവിലുള്ള കേന്ദ്രീകൃത മാതൃകയില്‍നിന്ന് പൊതുവ്യാപാരശൃംഖലയിലേക്കുള്ള മാറ്റമാണ് ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ONDC) പോര്‍ട്ടല്‍ കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വ്യവസായ - ആഭ്യന്തര വ്യാപാര വികസന വകുപ്പാണ് ഒഎന്‍ഡിസി പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നത്. നിലവില്‍ കുറച്ച് നഗരങ്ങളില്‍ ലഭ്യമാകുന്ന പോര്‍ട്ടലിന്റെ സേവനം ആറ് മാസത്തിനുള്ളില്‍ നൂറോളം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ ഇ-വ്യവസായഭീമന്‍മാരുടെ കുത്തക തകര്‍ക്കുകയാണ് ലക്ഷ്യം. അടിസ്ഥാനവികസനം ഉള്‍പ്പെടെയുള്ളവക്ക് ഒഎന്‍ഡിസി നേതൃത്വം നല്‍കും.
ഇ-കൊമേഴ്‌സ് വ്യാപാരത്തിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതുകൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് പുതിയ പ്ലാറ്റ്‌ഫോം ഉണ്ടാക്കിയിരിക്കുന്നത്. ഇതിനായി നേരത്തെ ഒരു പതിനൊന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.