മുംബൈ- ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ദക്ഷിണ മുംബൈ മേഖലയിലുള്ള പള്ളികളിലെ 26 പ്രതിനിധികള്‍ യോഗം ചേര്‍ന്നു തീരുമാനിച്ചു. പള്ളികള്‍ക്ക് മുകളില്‍ ഉച്ചഭാഷിണി ഉപയോഗിക്കില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ച സമയ നിയന്ത്രണം പാലിക്കാനുമാണ് കൂട്ടായ തീരുമാനമെടുത്തത്.
ഉച്ചഭാഷിണി പ്രശ്‌നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ യോഗം ചേര്‍ന്നതും തീരുമാനമെടുത്തതും.
ഇന്ന് രാവിലെ മുംബൈയിലെ പ്രശസ്തമായ മിനാര മസ്ജിദില്‍ ബാങ്ക് വിളിക്കാന്‍ ഉച്ചഭാഷിണി ഉപയോഗിച്ചിരുന്നില്ല.
ഇന്ന് ഉച്ചഭാഷിണി ഉപയോഗിച്ചിട്ടില്ലെന്ന് പള്ളിയുടെ പ്രതിനിധി എം. മുസമ്മില്‍ പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവുകള്‍ പാലിക്കുമെന്നും അതില്‍ സംശയം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാത്രി 10 മുതല്‍ രാവിലെ ആറു വരെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്ന സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം പാലിക്കുമെന്ന് ഉറപ്പുനല്‍കുന്നുവെന്ന് മറ്റൊരു പ്രതിനിധി അബ്ദുള്‍ അന്‍സാരി പറഞ്ഞു.
പോലീസില്‍നിന്ന് മതിയായ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും ഉച്ചഭാഷിണി വിഷയത്തില്‍ ക്രമസമാധാന പ്രശ്‌നമില്ലെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് അലി റോഡ്, മദന്‍പുര, നാഗ്പാഡ തുടങ്ങി മുസ്ലിം ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള 26 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.
മസ്ജിദുകള്‍ക്ക് മുകളിലുള്ള ഉച്ചഭാഷിണി സംബന്ധിച്ച വിവാദം കഴിഞ്ഞ രണ്ടാഴ്ചകളായി മഹാരാഷ്ട്രയില്‍ തുടരുകയാണ്.
വിഷയത്തില്‍ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നില്ലെന്നും സാമൂഹിക പ്രശ്‌നമാണ് പരിഹരിക്കേണ്ടതെന്നും വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന എം.എന്‍.എസ് മേധാവി രാജ് താക്കറെ പറഞ്ഞു.
ഉച്ചഭാഷിണികള്‍ ഉപയോഗിക്കാത്ത എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്ും ഇത് എല്ലാവരേയും ആശങ്കപ്പെടുത്തുന്ന സാമൂഹിക പ്രശ്‌നമാണെന്നം അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി കളിക്കുന്നതെന്നും എംഎന്‍എസ് ഉയര്‍ത്തിയ വിവാദത്തിനു പിന്നില്‍ ബി.ജെ.പിയാണെന്നും ശിവസേന കുറ്റപ്പെടുത്തി.
നിയമങ്ങള്‍ ലംഘിക്കുകയും നിയമം കൈയിലെടുക്കുകയും ചെയ്യുന്ന എല്ലാവരെയും കര്‍ശനമായി നേരിടുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. എം.എന്‍.എസ് മേധാവിക്കെതിരെ നടപടിയെടുക്കുമെന്ന സൂചനയും സര്‍ക്കാര്‍ നല്‍കി. വീട്ടില്‍ ഇരുന്ന് അന്ത്യശാസനം പുറപ്പെടുവിക്കാന്‍ ആര്‍ക്കും അധികാരമില്ല. നമ്മുടെ രാജ്യത്ത് നാനാത്വത്തില്‍ ഏകത്വത്തിന്റെ സംസ്‌കാരം ഉള്ളതിനാലാണ് സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നേരത്തെ കര്‍ശനമായി പാലിക്കാതിരുന്നതെന്നും ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയതിന് ശേഷവും നിയമങ്ങള്‍ ലംഘിച്ചാല്‍, നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.