ന്യൂദല്‍ഹി- രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്്‌ലി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.
നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടു. നിയമം റദ്ദാക്കാന്‍ പാടില്ലെന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു.
എന്താണ് അനുവദനീയമായത്, എന്താണ് അനുവദനീയമല്ലാത്തത്, എന്തെല്ലാം രാജ്യദ്രോഹത്തിന് കീഴില്‍ വരും തുടങ്ങിയ കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങളാകാമെന്ന് അദ്ദേഹം പറഞ്ഞു.
ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ, ഹനുമാ ചാലിസ ചൊല്ലുന്ന ആളുകള്‍ക്കെതിരെ പോലും രാജ്യദ്രോഹക്കുറ്റം പ്രയോഗിച്ചു. മഹാരാഷ്ട്രയിലെ ഹനുമാന്‍ ചാലിസ വിവാദത്തില്‍ ജനപ്രതിനിധികളായ നവനീത് റാണയ്ക്കും രവി റാണയ്ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ പരാമര്‍ശിച്ചുകൊണ്ട് വേണുഗോപാല്‍ പറഞ്ഞു.
വിഷയം അടുത്ത ആഴ്ച ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിഗണിക്കാമെന്നും വിശാല ബെഞ്ചിനു വിടുന്ന കാര്യത്തില്‍ സര്‍ക്കാരിനും ഹരജിക്കാര്‍ക്കും വാദം ഉന്നയിക്കാന്‍ ഒരു മണിക്കൂര്‍ സമയം നല്‍കാമെന്നും ബെഞ്ച് പറഞ്ഞു.
വിഷയത്തില്‍ സുപ്രീം കോടതിയെ സഹായിക്കുന്ന അറ്റോര്‍ണി ജനറലിന്റെ നിലപാടും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും വ്യത്യസ്തമായിരിക്കാമെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് രണ്ട് ദിവസത്തിനകം സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
കൊളോണിയല്‍ കാലത്തെ ശിക്ഷാ നിയമം ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതി സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താനും മഹാത്മാഗാന്ധിയെപ്പോലുള്ളവരെ നിശബ്ദരാക്കാനും ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച വ്യവസ്ഥ എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കേന്ദ്രത്തോട് ചോദിച്ചിരുന്നു.