ബെംഗളൂരു- ബെംഗളൂരുവില്‍നിന്ന് കേരളത്തിലെ വടക്കന്‍ ജില്ലകളിലേക്കുള്ള യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന ബെംഗളൂരു മൈസൂരു അതിവേഗപാതയുടെ ആദ്യഘട്ടം ജൂലൈയില്‍ തുറന്നുകൊടുക്കും. സര്‍വീസ് റോഡുകളടക്കം 10 വരിയുള്ള അതിവേഗപാത യാഥാര്‍ഥ്യമാകുന്നതോടെ ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്കുള്ള യാത്രാസമയത്തില്‍ ഒന്നരമണിക്കൂര്‍ കുറയും. നിലവില്‍ മൂന്നുമണിക്കൂര്‍ വേണം. 8,500 കോടിരൂപയാണ് പദ്ധതിച്ചെലവ്. 117 കിലോമീറ്ററുള്ള പാതയുടെ ബെംഗളൂരു മുതല്‍ നിതാഘട്ടവരെയുള്ള (56 കിലോമീറ്റര്‍ ദൂരം) ആദ്യഭാഗമാണ് ജൂലൈയില്‍ തുറക്കുന്നത്. വളവുകള്‍ നിവര്‍ത്തിയും കയറ്റമുള്ള പ്രദേശങ്ങള്‍ നിരപ്പാക്കിയും വീതി വര്‍ധിപ്പിച്ചുമാണ് നിര്‍മാണം പുരോഗമിക്കുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായ പ്രദേശങ്ങളില്‍ മേല്‍പ്പാതകളും നിര്‍മിക്കുന്നുണ്ട്.
പാതയിലെ ഏറ്റവുംവലിയ മേല്‍പ്പാലമായ കുമ്പളഗോഡ് മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. 4.5 കിലോമീറ്ററാണ് നീളം. പാതയില്‍ ഏറ്റവുംകൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശമാണിത്.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മൈസൂരു നഗരത്തിന്റെ വികസനത്തിലും കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബന്ദിപ്പൂര്‍, നാഗര്‍ഹോളെ ദേശീയ പാര്‍ക്കുകളോട് ചേര്‍ന്ന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്കും പദ്ധതി ഗുണകരമാകും. ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ ബെംഗളൂരുവിന് പുറത്തേക്ക് ചുവടുമാറ്റാന്‍ ശ്രമിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും മൈസൂരു തെരഞ്ഞെടുക്കുമെന്ന പ്രതീക്ഷയും അധികൃതര്‍ പങ്കുവെക്കുന്നു.
സര്‍ക്കാരിന്റെ ഏറ്റവുംവലിയ വികസനനേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന പദ്ധതിയാണിത്. അടുത്ത ദസറയ്ക്ക് മുമ്പ് പാത പൂര്‍ണമായി തുറന്നുകൊടുക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് മൈസൂരുകുടക് എം.പി. പ്രതാപ് സിംഹ പറഞ്ഞു.