കൊച്ചി-തൃക്കാക്കരയില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ് പ്രാദേശിയ നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ പേരുകള്‍ മതിലുകളില്‍ എഴുതിയത് പാര്‍ട്ടിക്കുള്ളില്‍ വിവാദമായി. അണികളില്‍ ആവേശം അണപൊട്ടിയപ്പോള്‍ നേതാക്കളുടെ പ്രഖ്യാപനം കാര്യമാക്കാതെ പ്രാദേശിയ നേതാക്കള്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് മതിലുകള്‍ എഴുതിയത് തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്ന നേതാക്കളുടെ അമര്‍ഷത്തിന് കാരണമായി.
സ്ഥാനാര്‍ത്ഥി ആരാണെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവും, എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും പറഞ്ഞതോടെയാണ് മതിലുകളില്‍ സ്ഥാനാര്‍ത്ഥിയുടെ പേരുകള്‍ എഴുതിയ പ്രാദേശീയ നേതാക്കള്‍ വെട്ടിലായത്. പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുമ്പ് സ്ഥാനാര്‍ത്ഥിയെ പ്രാദേശിക നേതാക്കള്‍ പ്രഖ്യാപിച്ച് മതിലുകള്‍ എഴുതിയത് സി പി എം നേതാക്കളെ ചൊടിപ്പിച്ചു. ഇതോടെ പലയിടത്തും മായിച്ചു.
ഇന്നലെ മാധ്യമ പ്രവര്‍ത്തകര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ആരാണെന്ന് ചോദിച്ചതിനുള്ള മറുപടിയിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞത്. മാധ്യമങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയുടെ പേര് മതിലുകളില്‍ എഴുതിയതാണ് നേതാക്കള്‍ക്കിടയില്‍ അമര്‍ഷം പുകയാന്‍ കാരണം. ഇതറിഞ്ഞ പ്രാദേശിക നേതാക്കള്‍ പലയിടത്തും എഴുതിയ മതിലുകളില്‍ വെള്ളപൂശി മായിച്ചു കളഞ്ഞു.പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ് സോഷ്യല്‍ മീഡിയയിലും, ചില ചാനലുകളിലും സ്ഥാനാര്‍ത്ഥിയുടെ പേരുകള്‍ വെച്ച് വാര്‍ത്തകള്‍ വന്നതോടെയാണ് പ്രാദേശിക നേതാക്കള്‍ മതിലുകള്‍ എഴുതിയത്. കാക്കനാട് കൊല്ലം കുടി മുകളിലും, വെണ്ണലയിലുമാണ് പ്രഖ്യാപനത്തിനു മുമ്പ് സ്ഥാനാര്‍ത്ഥിയുടെ പേര് വെച്ച് മതിലുകള്‍ എഴുതിയത് കാണപ്പെട്ടത്. നേതാക്കളുടെ വിമര്‍ശനം ശക്തമായപ്പോഴാണ് എഴുതിയതെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളപൂശി മായിച്ചത്.