ന്യൂദല്‍ഹി- സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിദ്യാര്‍ഥികളുടെ വന്‍ പ്രതിഷേധം. എല്ലാ ചോദ്യപേപ്പറുകളും ചോര്‍ന്നിട്ടുണ്ടെന്നും മുഴുവന്‍ പരീക്ഷയും വീണ്ടും നടത്തണമന്നാവശ്യപ്പെട്ടാണ് വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ പ്രതിഷേധം തുടരുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് പത്താം ക്ലാസ് കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയും മാറ്റിവെച്ചിരുന്നു.
അതിനിടെ, കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ദല്‍ഹി പോലീസിനെ കൂടാതെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘവും അന്വേഷണം നടത്തുന്നുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 25 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചോദ്യക്കടലാസുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവരെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആര്‍.പി. ഉപാധ്യായയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. സിബിഎസ്ഇ നല്‍കിയ പരാതിയില്‍ രണ്ടു എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുമ്പാണ് ചോദ്യ പേപ്പര്‍ ചോര്‍ന്നതെന്ന് മന്ത്രി പ്രകാശ് ജാവഡേക്കര്‍ വിശദീകരിച്ചു. പുതുക്കിയ പരീക്ഷാ തീയതി ഏതാനും ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.