കോഴിക്കോട്- നിയന്ത്രണംവിട്ട കാര്‍ സുരക്ഷാ ഭിത്തി തകര്‍ത്ത് തോട്ടിലേക്ക് വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
താമരശേരി കൂടത്തായി മൈക്കാവ് റോഡില്‍ ദുര്‍ഗ നഗറിലാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹരിഹരന്‍, ഭാര്യ സിന്ധു, മകള്‍ മാനസി എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാര്‍ ഇടിച്ച സുരക്ഷാ ഭിത്തിയുടെ നിര്‍മാണത്തില്‍ കമ്പി ഉള്‍പ്പെടെ ഉപയോഗിക്കാത്തതാണ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
മറ്റൊരു സംഭവത്തില്‍ കാസര്‍കോട് ഉദുമയില്‍നിന്നു പൂച്ചക്കാടിലേക്കുള്ള യാത്രമധ്യേ കാര്‍ നിയന്ത്രണം വിട്ട് കാഞ്ഞങ്ങാട് ആവിയില്‍ നിന്നു പള്ളിക്കര ബീച്ചിലേക്കു പോവുകയായിരുന്ന വര്‍ സഞ്ചരിച്ച ഇരു ചക്ര വാഹനത്തിലടിച്ച ശേഷം കാര്‍ 15 മീറ്ററോളം ആഴമുളള പള്ളിയുടെ അടുത്തുള്ള കിണറില്‍ വീണു. ഇതിലുണ്ടായിരുന്ന മൂന്ന് കുട്ടികളെ നാട്ടുകാരും പിതാവിനെ അഗ്‌നി രക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം ഉദുമ സ്വദേശി അബ്ദുള്‍ നാസര്‍, മക്കളായ മുഹമ്മദ് മിഥുലാജ്, അജ്മല്‍, വാഹിദ് എന്നിവരുടെ കാറാണ് കിണറ്റില്‍ വീണത്.
അപകടം കണ്ടയുടന്‍ നാട്ടുകാരായ രാമചന്ദ്രന്‍, അയ്യപ്പന്‍, ബാബു എന്നിവര്‍ ഉടന്‍ കിണറ്റില്‍ ഇറങ്ങി മൂന്നു കുട്ടികളെ രക്ഷപ്പെടുത്തി മുകളില്‍ എത്തിച്ചു. അപ്പോഴേക്കും കാഞ്ഞങ്ങാടു നിന്നു സ്റ്റേഷന്‍ ഓഫിസര്‍ പി. വി. പവിത്രന്റെ നേതൃത്വത്തില്‍ എത്തിയ സേനയിലെ ഇ.വി ലിനേഷ്, എച്ച് നിഖില്‍ കിണറ്റില്‍ ഇറങ്ങിയാണ് നസീറിനെ രക്ഷപ്പെടുത്തിയത്. ഇരു ചക്ര വാഹനം ഓടിച്ച ഫസില '(29) ബന്ധുക്കളായ അസ്മില (14 ), അന്‍സില്‍ (9 ) എന്നിവരെ നാട്ടുകാര്‍ ചേര്‍ന്ന് മണ്‍സൂര്‍ ആശുപത്രിയിലേക്കു മാറ്റി. ഇതിനു പിന്നാലെ കിണറില്‍ അകപ്പെട്ടവരെയെയും എത്തിച്ചു.