മുംബൈ- ആരെങ്കിലും ബലപ്രയോഗത്തിലൂടെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ പള്ളികള്‍ സംരക്ഷിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എ) പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ.
മുസ്ലിം സമുദായം അനീതി നേരിടുന്നില്ലെന്ന് പാര്‍ട്ടി ഉറപ്പാക്കുമെന്ന് കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ സഹമന്ത്രിയായ അത്താവലെ പറഞ്ഞു.
പള്ളിക്ക് പുറത്ത് ഹനുമാന്‍ ചാലിസ ചൊല്ലുന്നതിന് ഞങ്ങള്‍ എതിരല്ല. പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ താഴെ ഇറക്കണമെന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ആവശ്യത്തോടാണ് എതിര്‍പ്പ്. ആരെങ്കിലും പള്ളികളില്‍ നിന്ന് ലൗഡ് സ്പീക്കറുകള്‍ ബലമായി നീക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ ആര്‍.പി.ഐ (എ) പ്രവര്‍ത്തകര്‍ പള്ളികള്‍ സംരക്ഷിക്കും- അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉച്ചഭാഷിണികളുടെ ശബ്ദം കുറയ്ക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കാം. എം.എന്‍.എസിന്റെ ആവശ്യത്തെ ബി.ജെ.പി പിന്തുണച്ചിട്ടുണ്ടാകാം. എന്നാല്‍ അത് തന്റെ പാര്‍ട്ടിയും അത്തരമൊരു നീക്കത്തിന് അനുകൂലമാണെന്ന് അര്‍ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.
പള്ളികള്‍ക്ക് മുകളില്‍ വളരെക്കാലമായി ഉച്ചഭാഷിണികളുണ്ടെന്നും ഇപ്പോള്‍ പ്രശ്‌നം ഉന്നയിക്കുന്നതെന്തിനാണെന്നും ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ തര്‍ക്കമില്ലെന്നും അത്താവലെ പറഞ്ഞു.
ഉച്ചഭാഷിണി സാമൂഹിക പ്രശ്‌നമാണെന്ന എം.എന്‍.എസ് നേതാവ് രാജ് താക്കറെയുടെ അവകാശവാദം അംഗീകരിക്കാനാകില്ലെന്നും ഇത് യഥാര്‍ത്ഥത്തില്‍ ഒരു മതപരമായ പ്രശ്‌നം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയും എം.എന്‍.എസും കൈകോര്‍ക്കാനുള്ള സാധ്യതയെ കുറിച്ചുള്ള ചോദ്യത്തിന് അതിന് സാധ്യതയില്ലെന്നായിരുന്നു മറുപടി.
അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഞങ്ങളുടെ പാര്‍ട്ടിയും അടുത്ത നീക്കം ചിന്തിക്കുമെന്നും ഇപ്പോള്‍ ബിജെപിക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.