ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധിയെ നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ നിശാക്ലബ്ബില്‍ കണ്ടുവെന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഡിസ്‌കോ പശ്ചാത്തലത്തില്‍ രാഹുലിനു ചുറ്റുമുള്ളവര്‍ മദ്യം കഴിക്കുന്നത് വീഡിയോയില്‍ കാണാം.
കാഠ്മണ്ഡുവിലുള്ള രാഹുല്‍ ഗാന്ധി ഒരു ദിവസം മുമ്പ് ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രാഹുല്‍ ഗാന്ധി നിശാ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതായി പറയുന്ന വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരിക്കുകയാണ്.
VIDEO ഗള്‍ഫ് പ്രവാസിയുടെ വിദ്വേഷ ചോദ്യം സമൂഹ മാധ്യമങ്ങളില്‍, നഴ്‌സുമാര്‍ ലൈംഗിക സേവക്ക് |
തിങ്കളാഴ്ച ഉച്ചയോടെയാണ് രാഹുല്‍ ഗാന്ധി നേപ്പാള്‍ തലസ്ഥാന നഗരിയില്‍ എത്തിയതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചതായി മ്യാന്‍മറിലെ മുന്‍ നേപ്പാളി അംബാസഡര്‍ ഭീം ഉദാസിനെ ഉദ്ധരിച്ച് പത്രം പറയുന്നു.
ഉദാസിന്റെ മകളും മുന്‍ സിഎന്‍എന്‍ റിപ്പോര്‍ട്ടറുമായ സുംനിമയും നിമ മാര്‍ട്ടിന്‍ ഷെര്‍പ്പയുമാണ് വിവാഹിതരായതെന്ന് നേപ്പാളി പ്രസിദ്ധീകരണം റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധി ലോര്‍ഡ് ഓഫ് റിങ്‌സ് എന്ന നിശാക്ലബിലെത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത ഉറപ്പിക്കാനായിട്ടില്ല. കോണ്‍ഗ്രസിലെ നേതൃപ്രതിസന്ധിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ രാഹുല്‍ ഗാന്ധിയുടെ വീഡിയോ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യപകമായി പ്രചരിപ്പിക്കുന്നുണ്ട്.
2018 ഓഗസ്റ്റില്‍ കൈലാസ് മാനസരോവറിലേക്കുള്ള യാത്രാമധ്യേ രാഹുല്‍ ഗാന്ധി കാഠ്മണ്ഡു സന്ദര്‍ശിച്ചിരുന്നു.