വാഷിംഗ്ടണ്‍- ലോകമെമ്പാടും മുസ്ലിംകള്‍ അക്രമത്തിന് ഇരയാകുകയാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. വെല്ലുവിളികളും ഭീഷണികളും നേരിടുന്നുണ്ടെങ്കിലും മുസ്‌ലിംകള്‍ ഓരോ ദിവസവും അമേരിക്കയെ ശക്തിപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഈദുല്‍ ഫിതര്‍ ആഘോഷ വേളയില്‍ വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച പെരുന്നാള്‍ സംഗമത്തിലാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന്റെ അംബാസഡറായി ആദ്യമായി ഒരു മുസ്ലിമിനെ അമേരിക്കന്‍ പ്രസിഡന്റ് നിയമിച്ചിരുന്നു.
ലോകമെമ്പാടും, നിരവധി മുസ്ലിംകള്‍ അക്രമത്തിന് ഇരയാകുന്നുണ്ട്. അടിച്ചമര്‍ത്തപ്പെടുന്നവരോട് ആരും വിവേചനം കാണിക്കരുതെന്നും മതവിശ്വാസങ്ങളുടെ പേരില്‍ ആരും അടിച്ചമര്‍ത്തപ്പെടരുതെന്നും കരഘോഷത്തിനിടയില്‍ പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു.
ഉയിഗൂര്‍ വംശജര്‍, റോഹിങ്ക്യകള്‍, പട്ടിണി, അക്രമം, സംഘര്‍ഷം, രോഗം തുടങ്ങി ഈ വിശുദ്ധ ദിനം ആഘോഷിക്കാന്‍ കഴിയാത്ത എല്ലാവരെയും ഓര്‍ക്കുകയാണെന്നും ഒപ്പം പ്രതീക്ഷയുടെ സൂചനകളെ ബഹുമാനിക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു. ആറ് വര്‍ഷത്തിനിടെ ആദ്യമായി റമദാനിനെ ആദരിക്കാനും സമാധാനത്തോടെ ഈദ് ആഘോഷിക്കാനും യെമനിലെ ജനങ്ങളെ അനുവദിച്ച വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ പ്രതീക്ഷയും പുരോഗതിയും കാണാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനി ഗായകനും സംഗീതസംവിധായകനുമായ അരൂജ് അഫ്താബ് ചടങ്ങില്‍ പ്രസംഗിച്ചു. പ്രഥമവനിതെ ജില്‍ ബൈഡന്‍, ദി നേഷന്‍സ് മോസ്‌ക് എന്നറിയപ്പെടുന്ന മസ്ജിദ് മുഹമ്മദിന്റെ ഇമാം ഡോ താലിബ് എം. ഷെരീഫ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.