ബെര്‍ലിന്‍- ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണെന്നും റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ആര്‍ക്കും വിജയമുണ്ടാകില്ലെന്ന് ഇന്ത്യ വിശ്വസിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
വിജയത്തിനു പകരം എല്ലാവര്‍ക്കും ദുരിതമായിരിക്കുമെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മോഡി പറഞ്ഞു. ഉക്രൈന്‍ പ്രതിസന്ധിയുടെ തുടക്കം മുതല്‍ യുദ്ധത്തിലേക്ക് നീങ്ങാതെ ശത്രുത അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെന്നും തര്‍ക്കം പരിഹരിക്കാനുള്ള ഏക പരിഹാരം ചര്‍ച്ചകളാണെന്നും അദ്ദേഹം പറഞ്ഞു.
ഉക്രൈന്‍ പ്രതിസന്ധി കാരണം, എണ്ണ വില കുതിച്ചുയരുകയാണ്, ഭക്ഷ്യധാന്യങ്ങള്‍ക്കും വളങ്ങത്തിനും ക്ഷാമമുണ്ട്. ഇതിന്റെ ഫലമായി ലോകത്തിലെ എല്ലാ കുടുംബങ്ങളും അമതി ഭാരം അനുഭവിക്കുകയാണ്- മോഡി പറഞ്ഞു.
വികസ്വര രാജ്യങ്ങളിലും ദരിദ്ര രാജ്യങ്ങളിലും ഇതിന്റെ പ്രത്യാഘാതം വളരെ കൂടുതലായിരിക്കും. സംഘര്‍ഷത്തിന്റെ മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്ത്യക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉക്രൈനെ ആക്രമിച്ചതിലൂടെ റഷ്യ യു.എന്‍ ചാര്‍ട്ടര്‍ ലംഘിച്ചുവെന്ന് ഷോള്‍സ് പറഞ്ഞു. ജര്‍മനിയില്‍ നടക്കുന്ന ജി7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി മോഡിയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.