- കേരളം-മിസോറം
- കർണാടക-ബംഗാൾ
ഹൗറ - സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമി ഫൈനലിൽ ഗ്രൂപ്പ് എ ചാമ്പ്യന്മാരായ കേരളം മോഹൻ ബഗാൻ ഗ്രൗണ്ടിൽ നാളെ മിസോറമുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ബി-യിലെ ഒന്നാം സ്ഥാനക്കാരായ കർണാടകക്ക് ഹൗറ മൈതാൻ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗാളുമായാണ് സെമി. നിലവിലെ റണ്ണേഴ്‌സ്അപ് ഗോവയും മുൻ ചാമ്പ്യന്മാരായ പഞ്ചാബും പുറത്തായി.
അവസാന ലീഗ് മത്സരത്തിൽ ഗോവയോട് 4-1 ന് തോറ്റതോടെയാണ് പഞ്ചാബിന്റെ പ്രതീക്ഷ അവസാനിച്ചത്. ആദ്യ മൂന്നു കളികളും ജയിച്ച മിസോറമിനെ 1-0 ന് മറികടന്ന് കർണാടക ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി. മിസോറമും കർണാടകയും മൂന്നു കളികൾ വീതം ജയിച്ചു. പരസ്പരമുള്ള കളിയിൽ ജയിച്ചതിനാൽ കർണാടക ഒന്നാം സ്ഥാനത്തെത്തി. പഞ്ചാബും ഗോവയും രണ്ടു കളികൾ വീതം ജയിച്ചു.
മോഹൻ ബഗാൻ ഗ്രൗണ്ടിൽ എഴുപത്തിനാലാം മിനിറ്റിൽ മലയാളി താരം എസ്. രാജേഷിന്റെ ഗോളാണ് കർണാടകക്ക് സെമി ബെർത്തുറപ്പിച്ചത്. കർണാടകയും മിസോറമും നിരവധി അവസരങ്ങൾ പാഴാക്കി. ഹൗറ മൈതാനത്തിൽ പഞ്ചാബിനെതിരെ ഇടവേളയിൽ ഗോവ 2-0 ന് മുന്നിലായിരുന്നു. പെനാൽട്ടിയിൽ നിന്ന് മാക്‌റോയ് പെയ്ക്‌സോട്ടൊ ഇരുപത്തഞ്ചാം മിനിറ്റിൽ ഗോവക്ക് ലീഡ് സമ്മാനിച്ചു. മൂന്നു മിനിറ്റിനു ശേഷം വിക്‌ടോറിനൊ ഫെർണാണ്ടസ് രണ്ടാം ഗോളടിച്ചു. ഇടവേളക്കു ശേഷം നെസ്റ്റർ ഡയസും (59 ാം മിനിറ്റ്) ഷൂബേർട് പെരേരയും (67) ഗോവയുടെ ഗോളുകൾ നേടി. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളിൽ ഗുർതേജ് സിംഗാണ് പഞ്ചാബിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.