ന്യൂദല്‍ഹി- ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വില്‍പനക്കുവെച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി രംഗത്ത്. എയര്‍ ഇന്ത്യരാജ്യത്തിന്റെ അമൂല്യ രത്‌നമാണന്നും വില്‍ക്കാനുള്ള നീക്കം കേന്ദസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും അവര്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് മമതയുടെ ട്വീറ്റ് അവസാനിക്കുന്നത്.
നഷ്ടത്തില്‍ പറക്കുന്ന ദേശീയ വിമാന കമ്പനി എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വിറ്റഴിച്ച് സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരമാനം. ഇതു സംബന്ധിച്ച നിര്‍ദേശമടങ്ങിയ പ്രാഥമിക രേഖ സര്‍ക്കാര്‍ പുറത്തു വിട്ടു. തുറന്ന ലേലത്തിലൂടെ ആയിരിക്കും ഓഹരി വില്‍പന. എയര്‍ ഇന്ത്യയുടേയും രണ്ടു സഹസ്ഥാപനങ്ങളുടേയും ഓഹരി വില്‍പനക്കായി വ്യേമായാന മന്ത്രാലയം താല്‍പര്യ പത്രം ക്ഷണിച്ചിട്ടുണ്ട്. ഈ ഇടപാടില്‍ സര്‍ക്കാരിനു വേണ്ടി ഉപദേശങ്ങള്‍ നല്‍കാന്‍ ഏണസ്റ്റ് ആന്റ് യങ് എന്ന ബഹുരാഷ്ട്ര കണ്‍സള്‍ട്ടന്‍സിയേയും നിയോഗിച്ചു.
ജൂണ്‍ അവസാനത്തോടെ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പന പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. നിയപരമായ ഇടപാടുകളെല്ലാം ഡിസംബറോടെ പൂര്‍ത്തിയാക്കി കമ്പനി കൈമാറാനാണു പദ്ധതി. എയര്‍ ഇന്ത്യയെന്ന പേര് ഏതാനും വര്‍ഷത്തേക്ക് നിലനിര്‍ണത്തണമെന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. വിമാന കമ്പനിയെ നിയന്ത്രിക്കാന്‍ ഇന്ത്യക്കാരെ മാത്രമേ അനുവദിക്കൂ എന്നതാണ് മറ്റൊരു നിബന്ധന.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസ് പ്രവൈറ്റ് ലിമിറ്റഡ് എന്നീ കമ്പനികളെയാണ് സ്വകാര്യവല്‍ക്കരിക്കുന്നത്. ഇതില്‍ മൂന്നാമത്തെ കമ്പനി എയര്‍ ഇന്ത്യയുടേയും സിങ്കപൂര്‍ കമ്പനിയായ സാറ്റ്‌സിന്റേയും സംയുക്ത സംരഭമാണ്്. 28,000 ജീവനക്കാരുള്ള എയര്‍ ഇന്ത്യയുടെ കടബാധ്യത കുമിഞ്ഞ് കൂടി ഇപ്പോള്‍ 50,000 കോടി രൂപയിലെത്തിയിരിക്കുന്നു. വിമാനത്താവളങ്ങള്‍ക്കും എണ്ണകമ്പനികള്‍ക്കും കൊടുത്തു തീര്‍ക്കാനുള്ള ബാധ്യത കൂടി പരിഗണിച്ചാല്‍ ഇത് 70,000 കോടി രൂപയോളം വരും. 2012ല്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ 30,231 കോടി രൂപയുടെ കടാശ്വാസത്തിന്മേലാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ പറക്കുന്നത്.