ഔറംഗബാദ്- മസ്ജിദുകളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുന്നതിന് മഹാ വികാസ് അഘാഡി സര്‍ക്കാരിനു നല്‍കിയ സമയപരിധിയായ മെയ് മൂന്നില്‍ മാറ്റമില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) പ്രസിഡന്റ് രാജ് താക്കറെ. പള്ളികളിലെ ഉച്ചഭാഷിണികള്‍ മതവിഷയമല്ലെന്നും സാമൂഹിക വിഷയമാണെന്നും നിശ്ചിത സമയപരിധിയായ മെയ് മൂന്നിനകം എല്ലാ ഉച്ചഭാഷിണികളും നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റമദാനും ഈദും അവസാനിക്കുന്ന മെയ് നാലു മുതല്‍ താന്‍ ആരു പറയുന്നതും കേള്‍ക്കില്ലെന്നും ഹിന്ദുക്കള്‍ മസ്ജിദുകള്‍ക്ക് പുറത്ത് ഹനുമാന്‍ ചാലിസ ഇരട്ട ശബ്ദത്തില്‍ മുഴക്കുമെന്നും ഔറംഗബാദില്‍ നടത്തിയ റാലിയില്‍ രാജ് താക്കറെ പറഞ്ഞു.
രാജ്യത്തെ എല്ലാ മത കേന്ദ്രങ്ങളില്‍നിന്നും ഉച്ചഭാഷണികള്‍ നീക്കം ചെയ്യണം. പള്ളികളില്‍ നിന്ന് നീക്കം ചെയ്തതിന് ശേഷമാണ് ക്ഷേത്രങ്ങളില്‍നിന്ന് ഉച്ചഭാഷണികള്‍ നീക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ അന്ത്യശാസനം പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അനന്തരഫലങ്ങള്‍ക്ക് താന്‍ ഉത്തരവാദിയായിരിക്കില്ലെന്നും രാജ് താക്കറെ പറഞ്ഞു. സംസ്ഥാനത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉച്ചഭാഷിണി സാമൂഹിക കാര്യമാണെന്നും അത് മത കാര്യമല്ലെന്നും ആവര്‍ത്തിച്ച അദ്ദേഹം, മുസ്ലിംകള്‍ ഇതിനെ മത പ്രശ്‌നമാക്കാന്‍ ശ്രമിച്ചാല്‍, ഹിന്ദുക്കള്‍ അതിന് മതം ഉപയോഗിച്ച് മറുപടി നല്‍കുമെന്നും രാജ് താക്കറെ പറഞ്ഞു.
പോയി ഉച്ചഭാഷണികള്‍ അഴിച്ചുതുടങ്ങൂ എന്നാണ് ഇവിടെയുള്ള പോലീസ് ഉദ്യോഗസ്ഥരോട് പറയാനുള്ളതെന്ന് കരഘോഷങ്ങള്‍ക്കിടെ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ഉച്ചഭാഷിണികളും നിയമവിരുദ്ധമാണെന്നും ഉത്തര്‍പ്രദേശില്‍ ഇവ താഴെയിറക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് മഹാരാഷ്ട്രയില്‍ ആയിക്കൂടെന്നും രാജ് താക്കറെ ചോദിച്ചു.