ന്യൂദൽഹി - ഫേസ്ബുക്ക് ഡാറ്റ മോഷണത്തിൽ പ്രതിക്കൂട്ടിലായ ബ്രിട്ടീഷ് ഡാറ്റാ അനാലിസിസ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക മലയാളികളുടെ വ്യക്തിവിവരങ്ങളും രഹസ്യമായി ചികഞ്ഞിരുന്നതായി വെളിപ്പെടുത്തൽ. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഉള്ളുകള്ളികൾ പുറത്തു വിട്ട മുൻ റിസർച്ച് ഡയറക്ടർ ക്രിസ്റ്റഫർ വൈലിയാണ് ഈ വിവരം പരസ്യമാക്കിയത്. കേരളം, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കിടയിൽ തീവ്രവാദികൾക്കുള്ള സ്വാധീനവും പിന്തുണയും അസ്വാഭാവിക പെരുമാറ്റവും സംബന്ധിച്ച വിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മാതൃസ്ഥാപനമായ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ ലബോറട്ടറീസ് (എസ് സി എൽ) ശേഖരിച്ചിരുന്നുവെന്നാണ് വൈലി വെളിപ്പെടുത്തിയത്.
ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ കൂടുതൽ ഇടപെടലുകൾ നടത്തിയതിന് പുതിയ തെളിവുകളാണ് വൈലി ബുധനാഴ്ച പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ 600 ജില്ലകളിലെ ഏഴു ലക്ഷം ഗ്രാമങ്ങളുടെ വൻ വിവര ശേഖരം എസ്.സി.എല്ലിന്റെ പക്കലുണ്ടെന്നും ഇതു യഥാസമയം പരിഷ്‌ക്കരിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നും വൈലി പറയുന്നു. ഇന്ത്യയിൽ ജാതി സെൻസസും രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടിയുള്ള പ്രചാരണവും ഈ കമ്പനി 2003 മുതൽ നടത്തി വരുന്നുണ്ടെന്നും വൈലി വെളിപ്പെടുത്തി.
ഇന്ത്യയിലെ മാധ്യമ പ്രവർത്തകർ നിരന്തരം ഇതു സംബന്ധിച്ച എന്നോട് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ അറിവിലേക്ക് എന്നു പറഞ്ഞാണ് ഞെട്ടിപ്പിക്കുന്ന പുതിയ വിവരങ്ങൾ വൈലി പട്ടിക സഹിതമുള്ള ട്വീറ്റിലൂടെ പുറത്തു വിട്ടിരിക്കുന്നത്. എസ് സി എൽ/ കേംബ്രിഡ്ജ് അനലിറ്റിക്കയും ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ആധുനിക കാല കോളൊണിയലിസം പ്രവർത്തിക്കുന്നത് ഇങ്ങനെയാണ് ട്വീറ്റിൽ വൈലി വ്യക്തമാക്കുന്നു.
https://twitter.com/chrisinsilico/status/978921850448371715
2012ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒരു ദേശീയ രാഷ്ട്രീയ പാർട്ടിക്കു വേണ്ടി എസ്.സി.എൽ യു.പിയിൽ ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സെൻസസ് നടത്തി. 2007ലെ യു.പി തെരഞ്ഞെടുപ്പിൽ ഈ പാർട്ടിക്കുവേണ്ടി ബൂത്ത് തല സർവേയും നടത്തിക്കൊടുത്തു. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒരു ദേശീയ പാർട്ടിക്കു വേണ്ടി ദേശീയതലത്തിൽ പ്രചാരണം നടത്തി. 2010-ലെ ബിഹാർ തെരഞ്ഞെടുപ്പിൽ ജെ.ഡി.യുവിനു വേണ്ടി തെരഞ്ഞെടുപ്പു ഗവേഷണവും തന്ത്രങ്ങളും രൂപപ്പെടുത്തിയെന്നും വൈലിയുടെ വെളിപ്പെടുത്തലിലുണ്ട്.
ബ്രിട്ടീഷ് പാർലമെന്റ് സമിതി മുമ്പാകെ വൈലി നൽകിയ മൊഴിയിൽ ഇന്ത്യയിൽ കോൺഗ്രസിനു വേണ്ടി ഡാറ്റാ ശേഖരണം നടത്തിയകാര്യം വെളിപ്പെടുത്തിയിരുന്നു. വലിയ രാജ്യമായ ഇന്ത്യയിൽ പ്രാദേശികമായി പല പ്രൊജക്ടുകളും കേംബ്രിഡ്ജ് അനലിറ്റിക്ക ഏറ്റെടുത്തു ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.