ഉന്നാവോ- ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ പതിനെട്ടുകാരിയായ നഴ്‌സിനെ ആശുപത്രി വളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ച് രണ്ടാം ദിവസമാണ് സംഭവമെന്ന് വീട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ച ആശുപത്രിയില്‍ രോഗികള്‍ ഇല്ലാതിരുന്നതിനാല്‍ മുറിയിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ രാത്രി 10 മണിയോടെ നൈറ്റ് ഷിഫ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ആശുപത്രി ഉടമയില്‍ നിന്ന് ഫോണ്‍ വന്നതായി ബന്ധുക്കള്‍ പറയുന്നു.
ആശുപത്രിയില്‍ നിന്ന് വിളിച്ചപ്പോഴാണ് മകളുടെ മരണവിവരം അറിഞ്ഞതെന്ന് നഴ്‌സിന്റെ അമ്മ പറഞ്ഞു. മകള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
മരണത്തിന്റെ സാഹചര്യം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ഉത്തരവിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് ശശി ശേഖര്‍ സിംഗ് പറഞ്ഞു. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. മൂന്ന് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്, അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
മൃതദേഹം കണ്ടെത്തുമ്പോള്‍ നഴ്‌സ് കൈയില്‍ തുണി മുറുകെ പിടിച്ചിരുന്നതായും മുഖത്ത് മാസ്‌ക് ഉണ്ടായിരുന്നുവെന്നും എസ്.പി പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.