ന്യൂദൽഹി - റഷ്യയുടെ ഔദ്യോഗിക വിമാനകമ്പനിയായ എയറോഫ്‌ളോട്ട് വിമാനത്തിൽ ദൽഹിയിൽനിന്നും മോസ്‌കോ വഴി ന്യൂയോർക്കിലേക്കു പറന്ന ഇന്ത്യൻ വംശജരായ അഞ്ച് അമേരിക്കക്കാർ തൊലിനിറത്തിന്റെ പേരിൽ വംശീയ വിവേചനത്തിനിരയാക്കപ്പെട്ടു എന്നാരോപിച്ച് രംഗത്തെത്തി. മോസ്‌കോയിലിറങ്ങിയ ശേഷം ന്യൂയോർക്കിലേക്കുള്ള കണക്ഷൻ വിമാനത്തിലാണ് ഇവർ തുടർ യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാൽ ന്യൂയോർക്കിലെ കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് മോസ്‌കോയിൽ നിന്നുള്ള എയറോഫ്‌ളോട്ട് ഈ വിമാനം റദ്ദാക്കുകയായിരുന്നു. യാത്രക്കാർക്ക് ഒരുക്കിയ ബദൽ വിമാനത്തിൽ വെള്ളക്കാരായ അമേരിക്കക്കാർക്ക് സീറ്റ് നൽകിയപ്പോൾ തൊലിനിറമില്ലാത്ത തങ്ങളെ നിർബന്ധിച്ച് വിമാനത്തിൽ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്ന് ഇവർ പരാതിയിൽ പറയുന്നു. ഇറങ്ങിയില്ലെങ്കിൽ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന ഭീഷണിയും മുഴക്കി. ജനുവരിയിൽ നടന്ന സംഭവം ഇപ്പോഴാണ് പുറത്തു വരുന്നത്.
മോസ്‌കോയിൽ കുടുങ്ങിയ അഞ്ചു യു.എസ് പൗരന്മാർക്കും താമസ സൗകര്യമോ ട്രാൻസിറ്റ് വിസയോ എയറോഫ്‌ളോട്ട് തരപ്പെടുത്തി നൽകിയില്ല. ഇതോടെ 24 മണിക്കൂറിനകം റഷ്യ വിടാൻ ഇവർ നിർബന്ധിതരാകുകയായിരുന്നു. ഇവർ മോസ്‌കോയിലെ യു.എസ് എംബസിയിൽ വിളിച്ച് കാര്യം പറഞ്ഞപ്പോൾ വിമാന കമ്പനി ഉദ്യോഗസ്ഥനു ഫോൺ കൈമാറാൻ ആവശ്യപ്പെട്ടു. എന്നൽ ഈ കോൾ സ്വീകരിക്കാനും റഷ്യൻ വിമാനകമ്പനി തയാറായില്ല. സമ്മതമില്ലാതെ യുഎസ് പൗരന്മാരെ മറ്റൊരു രാജ്യത്തേക്ക് നാടുകടത്തുന്നത് നിയമവിരുദ്ധമാണെന്ന് എംബസി അറിയിച്ചെങ്കിലും ചെവികൊള്ളാൻ റഷ്യൻ അധികൃതർ തയാറായില്ല. വിമാന കമ്പനി അധികൃതരെ ബന്ധപ്പെടാൻ എംബസി നിരന്തരം ശ്രമിച്ചെങ്കിലും നടന്നില്ല.
ഇന്ത്യയിലേക്ക് തിരിച്ചു പോയില്ലെങ്കിൽ നാടുകടത്തൽ നടപടിക്ക് വിധേയരാക്കുമെന്നും ക്രിമിനൽ കേസും കനത്ത പിഴയുമടക്കം നിയമ നടപടികൾ സ്വീകരിക്കുമെന്നും എയറോഫ്‌ളോട്ട് അധികൃതർ ഇവരെ ഭീഷണിപ്പെടുത്തി. മറ്റൊരു വഴിയുമില്ലാതെ വന്നപ്പോൾ ഒടുവിൽ അഞ്ചു യു.എസ് പൗരന്മാരും ഇന്ത്യയിലേക്ക് തിരിച്ചു വരികയായിരുന്നു. ദൽഹിയിലെത്തിയ ഇവർക്ക് ന്യൂയോർക്കിലേക്കു പോകാൻ എയറോഫ്‌ളോട്ട് വിമാനം കിട്ടിയതുമില്ല. ഒടുവിൽ വൻ തുക മുടക്കി മറ്റു വിമാനത്തിലാണ് ഇവർ തിരിച്ചു യുഎസിലേക്കു പോയത്.