കീവ്-റഷ്യന്‍ അധിനിവേശം രൂക്ഷമായ യുെ്രെകനില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗികാതിക്രമം രൂക്ഷം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി.
ഗര്‍ഭിണിയായ പതിനാറുവയസുകാരിയെ റഷ്യന്‍ സൈനികന്‍ ബലാത്സംഗം ചെയ്‌തെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
റഷ്യന്‍ സൈന്യത്തിന്റെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായി ഉക്രൈന്‍ സ്ത്രീകള്‍ ഗര്‍ഭിണികളായ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ രാജ്യത്തേക്ക് ഗര്‍ഭനിരോധന ഗുളികള്‍ വ്യാപകമായി എത്തുന്നു. ദിവസേന മൂവായിരത്തോളം ഗര്‍ഭനിരോധന ഗുളികളകള്‍ എത്തുന്നുണ്ടെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദി ഇന്റര്‍നാഷണല്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് ഫെഡറേഷനാണ് ഗുളികകള്‍ നല്‍കിയത്. 24 ആഴ്ചയ്ക്കുള്ളില്‍ ഉപയോഗിക്കാവുന്ന അബോര്‍ഷന്‍ ഗുളികകളും ഇവര്‍ വിതരണം ചെയ്യുന്നുണ്ട്.
ബലാത്സംഗത്തിനിരയായ സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നത് ആഘാതകരമാണെന്ന് സന്നദ്ധ സംഘടനാ പ്രവര്‍ത്തകയായ കരോളിന്‍ ഹിക്‌സന്‍ വ്യക്തമാക്കിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സമയബന്ധിതമായി ഗുളിക എത്തിച്ച് നല്‍കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ബലാത്സംഗത്തിനിരയായ സ്ത്രീകള്‍ അഞ്ച് ദിവസത്തിനുള്ളില്‍ ഗുളിക കഴിക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഗുളിക എത്തിച്ച് നല്‍കുക എന്നത് പ്രധാനമാണ്.
ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഗര്‍ഭം ധരിക്കുകയും ചെയ്ത പലരും യുദ്ധ സാഹചര്യത്തില്‍ കുട്ടി വേണ്ടെന്ന് ആഗ്രഹിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ അവര്‍ക്കും ഗുളികകള്‍ നല്‍കുമെന്ന് ഹിക്‌സന്‍ പറഞ്ഞു. യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ വിതരണം ചെയ്യാന്‍ എളുപ്പമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ല ഉക്രൈനിലെ സാഹചര്യം. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ വിതരണം ചെയ്യാനുള്ള സംവിധാനങ്ങള്‍ തകര്‍ന്ന നിലയിലാണുള്ളത്. ആളുകള്‍ എവിടെ എല്ലാം ആണ് ഉള്ളതെന്ന് വ്യക്തമായി അറിയാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും അവര്‍ പറഞ്ഞു.
അധിനിവേശം ആരംഭിച്ചതിന് പിന്നാലെ റഷ്യയില്‍ കോണ്ടത്തിന് ആവശ്യക്കാര്‍ ഏറിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുദ്ധം ആരംഭിച്ച് മൂന്നാഴ്ച മാത്രം പിന്നിട്ടപ്പോള്‍ രാജ്യത്ത് കോണ്ടം വില്‍പ്പന 170 ശതമാനം ഉയര്‍ന്നതായി റഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ വൈല്‍ഡ്‌ബെറിസ് വ്യക്തമാക്കിയതായി മെട്രോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.