കോട്ടയം- ഹിന്ദു മഹാസമ്മേളനത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി.സി.ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. പി.സി.ജോര്‍ജുമായി പോലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. ഫോര്‍ട്ട് സ്‌റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി.സി.ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങള്‍. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
മുസ്‌ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, കച്ചവടം ചെയ്യുന്ന മുസ്‌ലിംകള്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ പാനീയങ്ങളില്‍ കലര്‍ത്തുന്നു, മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്നു പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളാണ് പി.സി. ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞത്.
മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും ജോര്‍ജിന്റെ പ്രസംഗം കാരണമാകുമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഡി.ജി.പിക്കു നല്‍കിയ പരാതിയില്‍ പറഞ്ഞു.
ജോര്‍ജിന്റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളക്കളയാനാകില്ലെന്നും പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്ന്് സി.പി.എം ആവശ്യപ്പെട്ടിരുന്നെങ്കിലും കേസെടുക്കാന്‍ വൈകുന്നതില്‍ വലിയ വിമര്‍ശം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തത്.
മനുഷ്യ സൗഹാര്‍ദ്ദത്തിന് പേരുകേട്ട കേരളത്തില്‍ അത് തകര്‍ക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജ്ജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.