Sorry, you need to enable JavaScript to visit this website.

വൈദ്യുതി നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കിയെന്ന് മന്ത്രി, പക്ഷെ പലേടത്തും കറണ്ട് പോയി

തിരുവനന്തപുരം- സംസ്ഥാനത്ത് 28 മുതല്‍ ഭാഗികമായി നടപ്പാക്കിയ വൈദ്യുതി നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചതായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വെള്ളിയാഴ്ച നിയന്ത്രണം ഉണ്ടായിരുന്നില്ല. ശനിയാഴ്ചയും നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല. പ്രതിസന്ധി ഘട്ടത്തില്‍ ഇതിനിടയില്‍ 28 ന് മാത്രമാണ് 15 മിനുട്ട് ലോഡ് നിയന്ത്രണം നടപ്പിലാക്കിയിട്ടുള്ളതെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനത്ത് പലേടത്തും ഇന്ന് ആറരക്ക് ശേഷം 15 മിനിറ്റ് വൈദ്യുതി നിലച്ചതായി റിപ്പോര്‍ട്ടുണ്ട്.

അരുണാചല്‍ പ്രദേശ് പവര്‍ ട്രേഡിംഗ് കോര്‍പ്പറേഷന്‍ ബാങ്കിംഗ് ഓഫര്‍ മുഖേന ഓഫര്‍ ചെയ്തിട്ടുള്ള 550 മെഗാവാട്ട് കരാര്‍ മുന്‍പുള്ളതിലും താഴ്ന്ന നിരക്കില്‍ സ്വീകരിക്കാനും വൈദ്യുതി മെയ് മൂന്ന് മുതല്‍ ലഭ്യമാക്കി തുടങ്ങാനും കെ.എസ്.ഇ.ബി.എല്‍ തീരുമാനിച്ചു. പുറമേ, പവര്‍ എക്സ്ചേഞ്ച് ഇന്‍ഡ്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാര്‍ ചെയ്യുവാന്‍ ലോഡ് ഡിസ്പാച്ച് സെന്ററിനെ ചുമതലപ്പെടുത്തുകയും കൂടി ചെയ്തതോടെയാണ് താല്‍ക്കാലികമായി വൈദ്യുതിയുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് ഏതാണ്ട് പൂര്‍ണമായും മറികടന്നത്. എന്നിരിക്കിലും ഊര്‍ജ്ജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങള്‍ വൈകിട്ട് 6 മുതല്‍ 11 വരെ പരമാവധി ഒഴിവാക്കാന്‍ അഭ്യര്‍ഥിക്കുന്നെന്നും മന്ത്രി പറഞ്ഞു.

 

Latest News