മലപ്പുറം- വളമായി ഉപയോഗിക്കുന്ന കോഴിക്കാഷ്ടത്തിനൊപ്പം ലോറിയില്‍ ഒളിച്ചുകടത്തിയ സ്ഫോടക വസ്തുക്കള്‍ കൊണ്ടോട്ടി പോലീസ് പിടികൂടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോങ്ങത്തെ ഗോഡൗണില്‍ നിന്ന് സ്ഫോടക വസ്തുക്കളുടെ വന്‍ ശേഖരവും കണ്ടെത്തി. ലോറിയിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്വാറികളില്‍ ഉപയോഗിക്കാനായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പോലീസിന്റെ പ്രാഥമിക നിഗനമം.
ക്വാറികളില്‍ പാറ പൊട്ടിക്കാന്‍ പൊട്ടിക്കാന്‍ ഉപയോഗിച്ചു വരുന്ന ഡിറ്റണേറ്ററുകള്‍, ജലാറ്റിന്‍ സറ്റിക്കുകള്, ഫ്യൂസ് വയര്‍ എന്നിവയുടെ വന്‍ ശേഖരമാണ് കണ്ടെത്തിയത്. നിയമപരമായ അനുമതിയില്ലാതെയാണ് ഇവ സൂക്ഷിച്ചിരുന്നത്. മോങ്ങത്തെ ഗോഡൗണിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് ലോറി പിടികൂടിയത്. രഹസ്യ വിവരത്തെതുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ പോലീസ് രഹസ്യനീക്കം നടത്തുകയായിരുന്നു. ലോറിയിലുണ്ടായിരുന്നവര്‍ നല്കിയ വിവരമനുസരിച്ചാണ് പോലീസ് ഗോഡൗണിലെത്തിയത്. കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.