Sorry, you need to enable JavaScript to visit this website.

ഖാര്‍ഗോണില്‍ ബേക്കറിയും റസ്‌റ്റോറന്റും പൊളിച്ചു; ഹൈക്കോടതി സര്‍ക്കാരിന്റെ മറുപടി ആവശ്യപ്പെട്ടു

ഇന്‍ഡോര്‍- രാമനവമി ഘോഷയാത്രക്കിടെ ഏപ്രില്‍ 10 ന് മധ്യപ്രദേശിലെ ഖാര്‍ഗോണിലുണ്ടായ അക്രമത്തെ തുടര്‍ന്ന് അധികൃതര്‍ ബേക്കറിയും റസ്‌റ്റോറന്റും പൊളിച്ച സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് മറുപടി തേടി.


ഏപ്രില്‍ 22, ഏപ്രില്‍ 28 തീയതികളില്‍ റസ്‌റ്റോറന്റിന്റെയും ബേക്കറിയുടെയും ഉടമകള്‍ സമര്‍പ്പിച്ച പ്രത്യേക റിട്ട് ഹരജികള്‍ പരിഗണിച്ചാണ്  ജഡ്ജിമാര്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചതെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ അറിയിച്ചു.
ഖാര്‍ഗോണ്‍ അധികൃതര്‍ തങ്ങളുടെ സ്വത്തുക്കള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്  നിയമവിരുദ്ധവുമായി തകര്‍ത്തുവെന്നാണ്
റസ്‌റ്റോറന്റ് ഉടമ അതീഖ് അലി (36), ബേക്കറി ഉടമ അംജദ് റാഷിദ് (58) എന്നിവര്‍ തങ്ങളുടെ ഹരജികളില്‍ ബോധിപ്പിച്ചത്.  

റസ്‌റ്റോറന്റ് ഉടമയുടെ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ, അനധികൃതമായി കൂട്ടിച്ചേര്‍ത്ത ഭാഗം മത്രമാണ് പൊളിച്ചതെന്നും നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും  അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പുഷ്യമിത്ര ഭാര്‍ഗവ് വാദിച്ചു.
ഖാര്‍ഗോണ്‍ അധികൃതര്‍ തന്റെ കക്ഷിയുടെ റസ്‌റ്റോറന്റിന്റെ ഒരു ഭാഗവും ബേക്കറി പൂര്‍ണമായും തകര്‍ത്തിരുന്നുവെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ അഷ്ഹര്‍ വാര്‍സി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഖാര്‍ഗോണില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സാമൂഹിക വിരുദ്ധര്‍ 2,028 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ബേക്കറിക്ക് തീയിട്ടിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഏപ്രില്‍ 12 ന് അധികൃതരെത്തി ബേക്കറി പൊളിക്കുകയും അവിടെ സൂക്ഷിച്ചിരുന്ന ജനറേറ്ററും മറ്റും തകര്‍ക്കുകയും ചെയ്തു.


ഖാര്‍ഗോണ്‍ കലാപത്തില്‍ തന്റെ കക്ഷികള്‍ക്ക് ഒരു പങ്കുമില്ലെന്നും പൊളിച്ച വസ്തുവകകളുടെ നിയമാനുസൃത ഉടകളായ അവര്‍ എല്ലാ നികുതികളും അടക്കുന്നുണ്ടെന്നും വാര്‍സി അവകാശപ്പെട്ടു.

പൊളിക്കലിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമപരമായ അന്വേഷണം നടത്തി ശിക്ഷിക്കണമെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ആവശ്യപ്പെട്ടതായും അഭിഭാഷകന്‍ പറഞ്ഞു.

തങ്ങളുടെ പൊളിച്ച വസ്തുക്കള്‍ പുനര്‍നിര്‍മിക്കണമെന്നും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്- വാര്‍സി പറഞ്ഞു.

 

 

Latest News