Sorry, you need to enable JavaScript to visit this website.

താജ്മഹല്‍ സന്ദര്‍ശനം ഇനി മൂന്ന് മണിക്കൂര്‍ മാത്രം

ന്യൂദല്‍ഹി- സപ്താത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. താജ്മഹലിലേക്ക് പ്രവേശനത്തിന് നല്‍കുന്ന ടിക്കറ്റിന്റെ സമയ പരിധി മൂന്ന് മണിക്കൂര്‍ മാത്രമാക്കി ചുരുക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ തീരുമാനിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ ഈ പരിഷ്‌ക്കാരം നിലവില്‍ വരും. മൂന്ന് മണിക്കൂറിലേറെ സമയം ചെലവഴിക്കേണ്ടവര്‍ക്ക് അധികം പണം നല്‍കേണ്ടി വരും. ഇത് എല്ലാ സന്ദര്‍ശകര്‍കകും ബാധകമാണ്. സമയപരിധി നടപ്പിലാക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ക്ക് രൂപം നല്‍കിവരികയാണെന്ന് എഎസ്ഐ വ്യക്തമാക്കി. പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും ടിക്കറ്റിലെ സമയം നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കും. മൂന്ന് മണിക്കൂര്‍ സമയത്തിലധികം ചിലവഴിക്കുന്നവര്‍ക്ക് അധിക ഫീസ് ഈടാക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മുതിര്‍ന്ന എഎസ്ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

താജ് സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ കാരണം. ഒരു ദിവസം മാത്രം അരലക്ഷത്തിലേറെ സന്ദര്‍കരെത്തുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ഈ പൈതൃക സ്മാരകം നിലനില്‍ക്കുന്നത് പരിമിത സ്ഥലത്താണ്. ഇതു വികസിപ്പിക്കാനാവില്ല. ലഭ്യമായ സ്ഥലം പരമാവധി ഉപയോഗപ്പെടുത്തുകയേ വഴിയുള്ളൂ. പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പ്രയാസമുണ്ട്. ചില സന്ദര്‍ശകര്‍ നേരത്തെ എത്തി വൈകുവോളം ഇവിടെ ചെലവഴിക്കുന്നുണ്ട്. ഇതും പ്രയാസമുണ്ടാക്കുന്നുണ്ട്-അദ്ദേഹം പറഞ്ഞു. 

നിലവില്‍ ഇന്ത്യക്കാര്‍ക്ക് താജ് സന്ദര്‍ശന ടിക്കറ്റ് നിരക്ക് 40 രൂപയാണ്. ഒരു പ്രവൃത്തി ദിവസം കാലാവധിയുണ്ടിതിന്. ദക്ഷിണേഷ്യന്‍ രാജ്യക്കാര്‍ക്ക് 530 രൂപയും മറ്റു വിദേശികള്‍ക്ക് 1000 രൂപയുമാണ് ഫീസ്.

Latest News