മസ്കത്ത്- ഒമാനില്‍ പള്ളിയില്‍ മലയാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒമാന്‍ പൗരന് അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്ര, ചെറുവണ്ണൂര്‍ സ്വദേശി നിട്ടംതറമ്മല്‍ മൊയ്തീനാണ് (56) സലാലയില്‍ കൊലപ്പെട്ടത്. മെയ്തീനെ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.
സലാലയിലെ സാദായിലുള്ള ഖദീജ പള്ളിയില്‍ കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പള്ളിയില്‍ നമസ്കാരം നിര്‍ത്തിവെച്ചിരുന്നു.
മൊയ്തീന് രാവിലെ പത്തിനും പതിനൊന്നിനും ഇടയിലാണ് പള്ളിയില്‍ എത്തിയത്. അല്‍പ്പസമയത്തിന് ശേഷം പള്ളിയില്‍ എത്തിയ ആളാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുപ്പതു വര്‍ഷമായി സലാലയിലുള്ള മൊയ്തീന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ആയിശ. മക്കള്‍: നാസര്‍, ബുഷ്റ, അഫ്സത്ത്. മരുമക്കള്‍: സലാം കക്കറമുക്ക്, ഷംസുദ്ദീന് കക്കറമുക്ക്.